| Friday, 5th August 2022, 9:47 pm

ഇനി കളി ആകെ മാറും; ക്രിക്കറ്റ് പ്രാക്ടീസ് തുടങ്ങി അനുഷ്‌ക ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

യു.കെയില്‍ ക്രിക്കറ്റ് പ്രാക്ടീസ് ആരംഭിച്ച് അനുഷ്‌ക ശര്‍മ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസറായ ജുലന്‍ ഗോസ്വാമിയുടെ ബയോ പിക്കായ ‘ചക്ദാ എക്‌സ്പ്രസ്സി’ന് വേണ്ടിയാണ് താരം ക്രിക്കറ്റ് പ്രാക്ടീസ് തുടങ്ങിയിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ഇക്കാര്യം അനുഷ്‌ക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഭാഗങ്ങളുടെ ഷൂട്ടിങ് ഇനിയും ആരംഭിച്ചിട്ടില്ല. ഇതിനായാണ് താരം ലീഡ്‌സില്‍ ക്രിക്കറ്റ് പ്രാക്ടീസ് ചെയ്യുന്നത്.

‘സ്‌ക്രീനില്‍ ജുലന്‍ ഗോസ്വാമിയാവുന്നതിന് വേണ്ടി അനുഷ്‌ക കഠിനമായി അധ്വാനിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്രിക്കറ്റ് ഭാഗങ്ങള്‍ക്കായി ആഗസ്റ്റ് പകുതി മുതല്‍ അവര്‍ ലീഡ്‌സില്‍ പ്രാക്ടീസ് നടത്തുകയാണ്,’ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

ചിത്രം പ്രഖ്യാപിച്ചതുമുതല്‍ക്കുതന്നെ ആവേശത്തിലായിരുന്ന ആരാധകര്‍ സച്ചിന്റെ ബയോപിക്കിന് വേണ്ടി കാത്തിരുന്നതുപോലെയായിരുന്നു ജുലന്റെ ബയോപിക്കിനായും കാത്തിരുന്നത്.

ചിത്രത്തില്‍ അനുഷ്‌കയാണ് ജുലനായി എത്തുന്നത് എന്നറിഞ്ഞപ്പോള്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം ആറിത്തണക്കുകയായിരുന്നു.

അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഒരിടവേളക്ക് ശേഷം സിനിമയിലേക്ക് അനുഷ്‌ക ശര്‍മ എത്തുന്ന സിനിമയാണ് ‘ചക്ദാ എക്സപ്രസ്’

കര്‍ണേഷ് ശര്‍മ ആണ് ചിത്രം നിര്‍മിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് റിലീസായിരിക്കും സിനിമ എന്നാണ് സൂചന.

2017 ലാണ് തന്റെ ജീവിതം സിനിമയാക്കാന്‍ ജുലന്‍ അനുവാദം നല്‍കുന്നത്. ഇതിനുമുമ്പും ജീവചരിത്രസിനിമകള്‍ എടുക്കാന്‍ പലരും സമീപിച്ചിരുന്നെന്നും ഇപ്പോഴാണ് അതിനു സമയമായതെന്നും ജുലന്‍ ഗോസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു.

പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ ചക്ദായിലാണ് ഗോസ്വാമിയുടെ ജനനം. വനിതാ ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും ആദ്യമായി 200 വിക്കറ്റ് നേടിയ താരവും ജുലന്‍ ഗോസ്വാമിയാണ്.

വനിതാ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളുടെയും ഉടമയായ ജുലന്‍ ക്രിക്കറ്റിന്റെ മൂന്ന് പതിപ്പിലും അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഏക ഇന്ത്യന്‍ ബൗളറും കൂടിയാണ്.

Content highlight: Anushka Sharma start practice cricket for Jhulan Goswami’s biopic Chakda Xpress

We use cookies to give you the best possible experience. Learn more