തന്റെ ചിത്രങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചതിന് സ്‌പോട്‌സ് വെയര്‍ ബ്രാന്‍ഡായ പ്യൂമയെ കഴിഞ്ഞ ദിവസം അനുഷ്‌ക ശര്‍മ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിമര്‍ശിച്ചിരുന്നു. ആരാധകര്‍ക്ക് വലിയ അമ്പരപ്പായിരുന്നു താരത്തിന്റെ ഈ പ്രതികരണം. എന്നാലിപ്പോള്‍ അനുഷ്‌കക്ക് മറുപടിയുമായി പ്യൂമ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. കമ്പനിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണിപ്പോള്‍.
പ്യൂമ ഇന്ത്യ അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു കരാറിന്റെ ചിത്രം പോസ്റ്റ് ചെയ്തു. ചിത്രത്തില്‍ ‘പ്യൂമxഅനുഷ്‌ക’ എന്നാണ് എഴുതിയിരിക്കുന്നത്. അതില്‍ ‘കോണ്‍ഫിഡന്‍ഷ്യല്‍(confidential)’എന്ന് മാര്‍ക്കും ചെയ്തിട്ടുണ്ട്. അതിന്റെ ക്യാപ്ഷനായി ‘അനുഷ്‌ക ശര്‍മ, നമുക്ക് കാര്യങ്ങള്‍ സെറ്റില്‍ ചെയ്യണം! കാര്യങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകണോ?’ എന്നും പ്യൂമ കുറിച്ചു.
തുടര്‍ന്ന് അതിനെതിരെ അനുഷ്‌ക വീണ്ടും പ്രതികരിച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്യൂമയുടെ പോസ്റ്റിട്ട താരം ‘ഐ വില്‍ സ്‌ലീപ്പ് ഓണ്‍ ഇറ്റ്’ എന്നും മറുപടി നല്‍കി.
ഇന്നലെ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അനുഷ്‌ക പ്യൂമയുടെ സെയില്‍ ഈവന്റ് പ്രൊമോട്ട് ചെയ്യുന്നതിനായി പങ്കിട്ട ചിത്രം റീപോസ്റ്റ് ചെയ്യുകയും ‘ഹേയ്, പ്യൂമ പബ്ലിസിറ്റിക്കായി എന്റെ ചിത്രം ഉപയോഗിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് നിങ്ങള്‍ക്കറിയില്ലെ. കാരണം ഞാന്‍ നിങ്ങളുടെ അംബാസിഡറല്ല,’ എന്നും എഴുതിയിരുന്നു.
പോസ്റ്റ് നീക്കം ചെയ്യാന്‍ പ്യൂമയോട് അനുഷ്‌ക ആവശ്യപ്പെടുകയും ചെയ്തു. അനുഷ്‌കയുടെ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയും ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും, ‘ദയവായി പ്രശ്‌നം പ്യൂമ ഇന്ത്യ പരിഹരിക്കൂ’ എന്ന് കോഹ്‌ലി ഇന്‍സ്റ്റയില്‍ സ്റ്റോറിയിടുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ തര്‍ക്കങ്ങളൊക്കെ കണ്ട് സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗം പേരും പറയുന്നത് മാര്‍ക്കറ്റിങ്ങിന് വേണ്ടിയുള്ള പ്യൂമയുടെ തന്ത്രമാണിതെന്നാണ്. പ്രൊമോഷന്‍ തന്ത്രം മികച്ചതാണ്, മാര്‍ക്കറ്റിങ് ഓണ്‍ പോയിന്റ്, എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.
content highlight: anushka sharma and virat kohli talks against puma india