ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാരിൽ’ അനുഷ്‌ക ഷെട്ടി ജോയിൻ ചെയ്തു. സെറ്റിലെത്തിയ താരത്തെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സ്വീകരിച്ചു. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി.
അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണിത്. ‘അരുന്ധതി’, ‘ബാഹുബലി’, ‘രുദ്രമാദേവി’, ‘ഭാഗമതി’, എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച അനുഷ്‌ക ഷെട്ടിയുടെ തികച്ചും വ്യത്യസ്തമായ പ്രകടനമാണ് പ്രേക്ഷകർക്കായ് കത്തനാരിലൂടെ ഞങ്ങൾ കാഴ്ചവെക്കുന്നത്.
‘താരത്തോടൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും ഒരുപാട് സിനിമകൾ വരാനുണ്ട്. പ്രേക്ഷകർക്ക് കൂടുതൽ ദൃശ്യവിരുന്നൊരുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,’ ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറഞ്ഞു.
വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിട്ട് ദൈർഘ്യം വരുന്ന ഗ്ലീംപ്സ് ജയസൂര്യയുടെ പിറന്നാൾ ദിനത്തിലാണ് പുറത്തുവിട്ടത്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഗ്ലീംപ്സ് വീഡിയോക്ക് ലഭിച്ചത്. 45000 ചതുരശ്ര അടി വിസ്തീർണമുള്ള മോഡുലാർ ഷൂട്ടിങ് ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. മുപ്പത്തിൽ അധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യും.
രചന :ആർ രാമാനന്ദ്,ഛായാഗ്രഹണം: നീൽ ഡി. കുഞ്ഞ, ആക്ഷൻ: ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ.
Content Highlight: Anushka joined in kathanar movie