തിരുവനന്തപുരം: ഭീം ആര്‍മിയുടെ ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതിയെ തെരഞ്ഞെടുത്തു. കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി അനുരാജി പി. ആര്‍ ആണ് പുതിയ ഉപാധ്യക്ഷ.
ഭീം ആര്‍മിയുടെ കേരള ഘടകത്തിലെ സജീവ പ്രവര്‍ത്തകയായ അനുരാജി പി. ആര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ച് വരുന്നു.
ജാതി വിവേചനത്തിനെതിരായും ദളിത് യുവതയുടെ വിദ്യാഭ്യാസ നേട്ടത്തിനും വേണ്ടിയാണ് ഭീം ആര്‍മി എന്ന പ്രസ്ഥാനം രൂപീകരിച്ചത്.
ഡോ. ബി ആര്‍ അംബേദ്കറുടെയും ബി.എസ്.എപി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും ആശയങ്ങളില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് ഭീം ആര്‍മിക്ക് രൂപം നല്‍കിയത്. 2015ലാണ് പ്രസ്ഥാനം രൂപീകരിച്ചത്. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മവാര്‍ഷികദിനമായ മാര്‍ച്ച് 15നാണ് ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയായി മാറിയത്.
എ എച്ച്പി കോളേജില്‍ കുടിവെള്ളത്തിന്റെ പേരില്‍ താക്കൂര്‍ വിദ്യാര്‍ത്ഥികള്‍ ദളിത് വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തിന് പിന്നാലെയാണ് ഭീം സേന രൂപീകരിക്കുന്നത്. ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ കുടിക്കുന്നതിന് മുമ്പ് വെള്ളം കുടിച്ചതിനായിരുന്നു ദളിത് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. ദളിത് വിദ്യാര്‍ത്ഥികളെ അപമാനിക്കുകയും ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന ബെഞ്ചുകള്‍ തുടയ്ക്കാന്‍ ദളിത് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു.
കേരളത്തില്‍ ഇടുക്കിയില്‍ മലങ്കര എസ്റ്റേറ്റ് മാനേജ്‌മെന്റ് സ്ഥാപിച്ച ജാതി ഗേറ്റ് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റിയത് വാര്‍ത്തയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക