| Tuesday, 5th January 2021, 9:01 pm

'അഭിഷേക് അല്ല ഷെയ്ഖ് അഭിഷേക്'; തൃണമൂല്‍ എം.പിയെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ അനന്തിരവനും എം.പിയുമായ അഭിഷേക് മുഖര്‍ജിയ്‌ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. അഭിഷേകിനെ ഗള്‍ഫ് രാജ്യങ്ങളിലെ ഷെയ്ഖുമാരോട് ഉപമിച്ചാണ് അനുരാഗ് രംഗത്തെത്തിയത്.

‘ഗള്‍ഫ് രാജ്യങ്ങളിലാണ് സാധാരണയായി ഷെയ്ക്കുമാരെ കാണാറുള്ളത്. ഇപ്പോള്‍ അഭിഷേക് ഒരു ഷെയ്ഖ് ആയി മാറിയിട്ടുണ്ട്. ലോകത്ത് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട് അഭിഷേക് എത്ര വലിയ ഷെയ്ഖ് ആയി മാറിയെന്ന്’, താക്കൂര്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ സ്വാധീനം ഉപയോഗിച്ച് ഉയര്‍ന്ന സ്ഥാനങ്ങള്‍ മമതയുടെ ബന്ധുക്കള്‍ കൈക്കലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തൃണമൂലിനെതിരെ ശക്തമായ പ്രചാരണവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തൃണമൂലില്‍ നിന്ന് പല നേതാക്കളും ബി.ജെ.പിയിലേക്ക് പോയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ലക്ഷമി രത്തന്‍ ശുക്ല ഇന്ന് രാജിവെച്ചതും വാര്‍ത്തയായിരുന്നു. ബംഗാള്‍ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തന്‍. മുന്‍ ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ് അദ്ദേഹം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. അതേസമയം തൃണമൂല്‍ എം.എല്‍.എ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല.

മന്ത്രിയുടെ രാജിക്ക് പിന്നിലുള്ള കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലക്ഷ്മി രത്തന്‍ രാഷ്ട്രീയരംഗത്ത് നിന്നും പിന്മാറാന്‍ പോകുകയാണെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് തലവേദയായിട്ടുണ്ട്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.

സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും കഴിഞ്ഞ ദിവസം ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Anurag Thakur Slams Abhishek Banerjee

We use cookies to give you the best possible experience. Learn more