ന്യൂദല്‍ഹി: സമാജ് വാദി നേതാവായിരുന്ന ആതിഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കളെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഭരണം കിട്ടിയ സമയത്ത് ഗുണ്ടകളെ സംരക്ഷിച്ച സര്‍ക്കാരുകളാണ് ഇപ്പോള്‍ അവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നതെന്ന് താക്കൂര്‍ പറഞ്ഞു.
യു.പിയിലടക്കം മാഫിയ സംഘങ്ങള്‍ അഴിഞ്ഞാടിയ കാലത്ത് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയ പാര്‍ട്ടികളാണ് ഇപ്പോള്‍ അവര്‍ക്ക് വേണ്ടി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അനുരാഗ് താക്കൂറിന്റെ പ്രതികരണം.
‘ഇതേ ഗുണ്ടാ നേതാക്കള്‍ സാധാരണക്കാരായ ജനങ്ങളെ കൊള്ളയടിക്കുകയും അക്രമിക്കുകയും ചെയ്ത സമയത്ത് ഈ നേതാക്കളൊക്കെ എവിടെയായിരുന്നു. യു.പിയിലടക്കം മാഫിയ സംഘങ്ങള്‍ അഴിഞ്ഞാടിയ സമയത്ത് ഈ നേതാക്കളെയൊന്നും കാണാനില്ലായിരുന്നു.
ഗുണ്ടകളുമായി സൗഹൃദം പുലര്‍ത്തി അവരുടെ വീടുകളില്‍ ചെന്ന് ചായ സല്‍ക്കാരങ്ങളില്‍ പങ്കെടുത്ത നേതാക്കന്‍മാരാണ് ഇവിടെയുള്ളത്. ഇവര്‍ ഭരിച്ചിരുന്ന സമയത്ത് ഗുണ്ടകള്‍ക്കും മാഫിയ തലവന്‍മാര്‍ക്കും രാഷ്ട്രീയ സംരക്ഷണവും ലഭിച്ചിരുന്നു,’ താക്കൂര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസമാണ് യു.പിയിലെ സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ എം.പിയുമായിരുന്ന ആതിഖ് അഹമ്മദിനെയും സഹോദരനെയും മൂന്നംഗ അക്രമി സംഘം വെടിവെച്ച് കൊന്നത്. പൊലീസ് സംരക്ഷണത്തില്‍ പ്രയാഗ്‌രാജ് ആശുപത്രിയില്‍ പരിശോധനക്ക് കൊണ്ട് പോകവെയാണ് ഇരുവര്‍ക്ക് നേരെയും വെടിവെപ്പുണ്ടായത്.
അക്രമികള്‍ വെടിവെപ്പിനിടയില്‍ ജയ് ശ്രീ റാം മുഴക്കുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് യു.പി പൊലീസിനെതിരെയും യോഗി സര്‍ക്കാരിനെതിരെയും വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്. എന്‍കൗണ്ടര്‍ കൊലപാതകങ്ങളും വെടിവെപ്പുകളും തുടര്‍ക്കഥയാവുന്ന യു.പിയിലെ ക്രമ സമാധാന നില തകര്‍ന്നെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. ആതിഖിന്റെ കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബി.എസ്.പി നേതാവ് മായാവതിയും പറഞ്ഞിരുന്നു.
അതേസമയം ആതിഖിന്റെ കൊലപാതകം ദൈവിക നീതിയാണെന്നായിരുന്നു ബി.ജെ.പി മന്ത്രിമാരുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ പേരെടുത്ത് പരാമര്‍ശിക്കാതെ അനുരാഗ് താക്കൂറും രംഗത്തെത്തിയിരിക്കുന്നത്.
Content Highlight: anurag thakur talk about opposition comment on athiq ahammad killing