| Sunday, 2nd April 2023, 3:45 pm

മമത ഹിന്ദു വിരോധി; രാമഭക്തന്മാര്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടും ദീദി മൗനത്തിലാണ്: അനുരാഗ് താക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിനിടെ പശ്ചിമ ബംഗാളിലുണ്ടായ അക്രമസംഭവങ്ങളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍. മമത ബാനര്‍ജിയെ ഹിന്ദു വിരോധി എന്ന് വിളിച്ച അദ്ദേഹം ബംഗാളിലെ അക്രമസംഭവങ്ങളില്‍ മമത മൗനം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തി.

ശോഭാ യാത്രക്കിടെയുണ്ടായ അക്രമങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകനായ രാജു ജായുടെ മരണത്തില്‍ എന്‍.ഐ.ക്ക് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ബംഗാളിലെ രാമ ഭക്തന്മാര്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടും മമത ദീദി ഉറങ്ങുകയാണ്. ഹിന്ദുക്കള്‍ക്കെതിരെയാണ് അക്രമമെങ്കില്‍ മമത മൗനത്തിലായിരിക്കും. ഒരു വിഭാഗത്തിന് മാത്രം സംരക്ഷണം നല്‍കുകയും ഹിന്ദുക്കള്‍ക്കെതിരായ അക്രമത്തിന് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ലാത്തികൊണ്ടും ബോംബ് കൊണ്ടും കല്ലുകൊണ്ടും രാമഭക്തന്മാര്‍ ആക്രമിക്കപ്പെടുകയാണ്. എന്നിട്ടവര്‍ ശോഭായാത്രയും നിര്‍ത്തിവെച്ചു. ബംഗാള്‍ മുഖ്യമന്ത്രി എത്രത്തോളം ഹിന്ദു വിരോധിയാണെന്നും പക്ഷപാതിയാണെന്നും ഇതിലൂടെ മനസിലാകും,’ അനുരാഗ് താക്കൂര്‍ പറഞ്ഞു.

രാമനവമി ആഘോഷത്തിനിടെ ബംഗാളിലുടനീളം വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് അരങ്ങേറിയത്. ഹൗറയില്‍ ശോഭാ യാത്രക്കിടെ അക്രമാസക്തരായ കലാപകാരികള്‍ കടകള്‍ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. സമീപത്തെ പള്ളികള്‍ക്ക് നേരെ കല്ലെറിയുകയും അക്രമം നിയന്ത്രിക്കാനെത്തിയ പൊലീസ് വാഹനമടക്കം കത്തിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അക്രമം ബി.ജെ.പി ആസൂത്രണം ചെയ്ത് നടത്തിയതാണെന്നാണ് മമത ബാനര്‍ജി പറഞ്ഞത്. രാജ്യത്തുടനീളം രാമനവമിയുടെ മറവില്‍ ബി.ജെ.പി സംഘപരിവാര സംഘടനകള്‍ നടത്തിയ നൂറ് കണക്കിന് കലാപങ്ങളില്‍ ഒന്നുമാത്രമാണ് ബംഗാളിലുണ്ടായതെന്നും അവര്‍ പറഞ്ഞിരുന്നു. അതിനായി ബംഗാളിന് പുറത്ത് നിന്ന് ഗുണ്ടകളെയിറക്കിയെന്നും മമത ആരോപിച്ചിരുന്നു.

അതിനിടെ ഹൗറ കലാപത്തില്‍ 40നടുത്ത് ആളുകളെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ പൊലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധാനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

Content Highlight: anurag thakur slams mamatha banarjee

We use cookies to give you the best possible experience. Learn more