ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ ഇനി ഒരു പാര്‍ട്ടിക്കും കഴിയില്ല: അനുരാഗ് ഠാക്കൂര്‍
national news
ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ ഇനി ഒരു പാര്‍ട്ടിക്കും കഴിയില്ല: അനുരാഗ് ഠാക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th January 2023, 5:06 pm

പാര്‍ലമെന്റില്‍ കശ്മീരിന്റെ പ്രശ്‌നങ്ങള്‍ ആരും ഉന്നയിക്കാത്ത ഒരു കാലമുണ്ടായിരുന്നുവെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ- യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍.

2010ല്‍ തനിക്ക് ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ (ബി.ജെ.പിയുടെ യുവജന വിഭാഗം), ചുമതല ലഭിച്ചപ്പോള്‍ താഴ്‌വരയിലെ കല്ലേറില്‍ സൈനികര്‍ക്ക് പലപ്പോഴും പരിക്കേല്‍ക്കാറുണ്ടെന്നും ആര്‍.എസ്.എസ് അനുബന്ധ ഹിന്ദി മാസികയായ പാഞ്ചജന്യയുടെ 75 വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു.

”അക്കാലത്ത് മിക്ക പാര്‍ലമെന്റംഗങ്ങള്‍ക്കും കശ്മീരിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ അറിയാന്‍ താല്‍പര്യമില്ലായിരുന്നു, സോണിയ ഗാന്ധി- മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കശ്മീരിന്റെ സ്വയംഭരണാവകാശം പോലുള്ള വലിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കും,” അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

”സായുധസേനയുടെ പ്രത്യേക അധികാര നിയമം (Armed Forces Special Powers Act) മാറ്റുന്നതിനെക്കുറിച്ചും അവര്‍ സംസാരിക്കും. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ നമ്മുടെ സൈനികര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് അവസാനമുണ്ടാകുമായിരുന്നില്ല.

അവര്‍ ഒന്നുകില്‍ തീവ്രവാദികളോട് യുദ്ധം ചെയ്യുമായിരുന്നു അല്ലെങ്കില്‍ കോടതികളില്‍ സ്വയം പ്രതിരോധിക്കുമായിരുന്നു”.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആര്‍ട്ടിക്കിള്‍ 370, 35എ എന്നീ വകുപ്പുകള്‍ റദ്ദാക്കിയെന്നും ഇനി മറ്റേതെങ്കിലും പാര്‍ട്ടി അധികാരത്തില്‍ വന്നാലും ഇത് മാറ്റാന്‍ കഴിയില്ലെന്നും കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് സംസാരിക്കവെ ഠാക്കൂര്‍ പറഞ്ഞു.

Content Highlight: Anurag Thakur says no party can reinstate Article 370 in Jammu & Kashmir