| Friday, 3rd March 2023, 5:07 pm

വിദേശത്ത് പോയി ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നത് രാഹുൽ ​ഗാന്ധിക്ക് ശീലമായി; മോദി ജനപ്രിയനായത് അം​ഗീകരിക്കാൻ പറ്റാത്തതാണ് പ്രശ്നം: അനുരാ​ഗ് താക്കൂർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി:പെഗാസസിനെ കുറിച്ചുള്ള മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രാഹുൽ ഗാന്ധിക്ക് വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നത് ശീലമായി മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇസ്രാഈൽ ചാരസോഫ്‌റ്റ് വെയർ പെഗാസസ് ഉപയോഗിച്ച് തന്റെ ഫോൺകോൾ ചോർത്തിയിരുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേംബ്രിഡ്ജ് സർവകലാശാലയിൽ വിദ്യാർത്ഥികളുമായി സംസാരിക്കുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

പെഗാസസ് വിഷയത്തിൽ അന്വേഷണത്തിനായി രാഹുൽ ഗാന്ധി ഫോൺ അന്വേഷണ സംഘത്തിന് മുൻപിൽ സമർപ്പിക്കാത്തതിനെതിരേയും താക്കൂർ വിമർശിച്ചു.

‘അഴിമതിക്കേസിൽ ജാമ്യത്തിലിറങ്ങി നടക്കുന്ന നേതാവിനെ മറച്ചുവെക്കാൻ ഫോണിൽ എന്താണ് ഉള്ളത്? എന്തുകൊണ്ടാണ് അദ്ദേഹവും മറ്റ് നേതാക്കളും ഫോൺ പരിശോധനക്ക് ഹാജരാക്കാതിരിക്കുന്നത്?,’ താക്കൂർ ചോദിക്കുന്നു.

മറ്റാരും പറയുന്നത് കേട്ടില്ലെങ്കിലും ഇറ്റലിയുടെ പ്രധാനമന്ത്രിക്ക് മോദിയെകുറിച്ച് എന്താണ് പറയാനുള്ളതെന്ന് രാഹുൽ ഗാന്ധി കേൾക്കണമെന്നും താക്കൂർ കൂട്ടിച്ചേർത്തു.

‘മോദി ലോകപ്രിയനയാ നേതാവായി വളർന്നുവെന്നാണ് ഇറ്റാലിയൻ പ്രധാനമനമത്രി പറഞ്ഞത്. ഇത് ദഹിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല എന്നതാണ് വിഷയം.

തൃപുരയിലും, നാഗലാൻ്റിലും, മേഘാലയയിലും കോൺഗ്രസ് തറപറ്റി. അവർ തോൽവി പ്രതീക്ഷിച്ചത് തന്നെയായിരുന്നുവെങ്കിലും വടക്കുകിഴക്കൻ സംസ്ഥാവനങ്ങളിലെ ജനവിധി അവർക്ക് അംഗീകരിക്കാനായിട്ടില്ല. എന്താണ് കോൺഗ്രസിന്റെ അജണ്ട?,’ താക്കൂർ ചോദിക്കുന്നു.

കേംബ്രിഡ്ജ് സർവകലാശാലയിലെ എം.ബി.എ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ.

ഇന്ത്യയുടെ നിലനിൽപ്പിനെ തന്നെ തകർക്കാനുള്ള ശ്രമങ്ങളാണ് നരേന്ദ്ര മോദി നടത്തുന്നതെന്ന് കുറ്റപ്പെടുത്തിയ രാഹുൽ രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് മോദി സർക്കാരിൽ നിന്ന് ഉണ്ടാവുന്നതെന്നും അഭിപ്രായപ്പെട്ടു.

‘പെഗാസസ് ഉപയോഗിച്ച് എന്റെ ഫോണും ചോർത്തിയിട്ടുണ്ട്. ഇന്ത്യയിലെ വലിയൊരു വിഭാഗം പ്രതിപകഷ നേതാക്കളുടെ ഫോണുകളും ഇത്തരത്തിൽ ചോർത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ ഇന്റലിജൻസ് വിഭാഗത്തിലെ ഓഫീസർമാരാണ് ഇക്കാര്യത്തെക്കുറിച്ച് എനിക്ക് വിവരം നൽകിയത്. താങ്കൾ ഫോണിലൂടെ പറയുന്ന കാര്യങ്ങൾ സൂക്ഷിക്കണമെന്നാണ് അവരെനിക്ക് മുന്നറിയിപ്പ് നൽകിയത്. ഇതാണ് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ,’ രാഹുൽ പറഞ്ഞു.

കൂടാതെ പാർലമെന്റിനെ ദുർബലപ്പെടുത്താനും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനുമാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും ന്യൂനപക്ഷങ്ങളെ രണ്ടാം നിര പൗരന്മാരായാണ് മോദി കാണുന്നതെന്നും കൂട്ടിച്ചേർത്തു.

Content Highlight: Anurag thakur says it has been a habit of Rahul gandhi to defame India at foreign countries

We use cookies to give you the best possible experience. Learn more