| Monday, 14th August 2023, 5:01 pm

അനുരാഗ് താക്കൂറിന്റെ വിദ്വേഷ പ്രസംഗം; ബൃന്ദ കാരാട്ടിന്റെ ഹരജിയിലുള്ള കേസ് സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയതില്‍ ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്ക്കും എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം നേതാക്കളായ ബൃന്ദ കാരാട്ടും കെ.എം. തിവാരിയും സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി വാദത്തിന് പരിഗണിക്കും. ജസ്റ്റിസുമാരായ അഭയ് എസ്, ഒ.കെ. സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക. 2020 ജനുവരിയിലെ തെരഞ്ഞെടുപ്പ് റാലികളിലെ പ്രസംഗങ്ങള്‍ക്കെതിരെയാണ് പരാതി.

നേരത്തെ വിചാരണ കോടതിയും ദല്‍ഹി ഹൈക്കോടതിയും സി.പി.ഐ.എം നേതാക്കളുടെ ഹരജി തള്ളിയിരുന്നു. ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് 2020 ആഗസ്റ്റിലാണ് ഹരജിക്കാര്‍ വിജാരണക്കോടതിയെ സമീപിച്ചത്.

പ്രാഥമിക അന്വേഷണം നടത്തി പ്രഥമദൃഷ്ട്യാ കുറ്റം നടന്നിട്ടില്ലെന്നും അന്വേഷണത്തിന് ഉത്തരവിടണമെങ്കില്‍ വിചാരണക്കോടതി അനുമതി വേണമെന്നായിരുന്നു ദല്‍ഹി പൊലീസ് വിഷയത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഹരജിക്കാര്‍ നല്‍കിയ സ്പെഷ്യല്‍ ലീവ് പെറ്റീഷനില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി വേണമെന്ന മജിസ്ട്രേറ്റിന്റെ പ്രഥമദൃഷ്ട്യാ നിലപാട് തെറ്റാണെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

2020ലെ ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തെ മുന്‍ നിര്‍ത്തി വിദ്വേഷകരമായ പ്രസംഗം നടത്തിയെന്നാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരായ ആരോപണം.

Content Highlight: Anurag Thakur’s hate speech, Brenda Karat’s case to be heard in Supreme Court

Latest Stories

We use cookies to give you the best possible experience. Learn more