അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രരെന്ന് അനുരാഗ് താക്കൂര്‍; ന്യൂസ്‌ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു, എഡിറ്റര്‍ കസ്റ്റഡിയില്‍
ന്യൂദല്‍ഹി: ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന റെയ്ഡില്‍ പ്രതികരണവുമായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍. അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രരാണെന്നും ഇപ്പോള്‍ ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന റെയ്ഡിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്ലെന്നും
അദ്ദേഹം പറഞ്ഞു. ഭുവനേശ്വറില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
‘അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമാണ്. അവര്‍ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അന്വേഷണ ഏജന്‍സികള്‍ അവര്‍ക്കെതിരെ നടപടിയെടുക്കും. അതൊരു സ്വാഭാവിക പ്രക്രിയയാണ്.
നിങ്ങള്‍(മാധ്യമപ്രവര്‍ത്തകര്‍) അനധികൃതമായി സ്വത്ത് സമ്പാദിക്കുകയും കുറ്റം ചെയ്യുകയും ചെയ്താല്‍ അന്വേഷണ ഏജന്‍സികള്‍ നടപടിയെടുക്കില്ലെന്ന് നിയമമൊന്നുമില്ല,’ മന്ത്രി പറഞ്ഞു.
Statement by INDIA parties on Newsclick raid👇
“In the last 9 yrs, BJP govt has deliberately persecuted & suppressed the media by deploying investigative agencies to suppress BBC, Newslaundry, Dainik Bhaskar, Bharat Samachar, Kashmir Walla, The Wire, & most recently Newsclick.” pic.twitter.com/Kq8SOuV9u9
— Kaushik Raj (@kaushikrj6) October 3, 2023
ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ കേന്ദ്രീകരിച്ച് ദല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലി റെയ്ഡ് നടക്കുന്നത്. ഒമ്പത് മണിക്കൂര്‍ നീണ്ട റെയ്ഡ് നിലവില്‍ അവസാനിച്ചിട്ടുണ്ട്. രാവിലെ ആറ് മണിമുതലാണ് ദല്‍ഹി പൊലീസിന്റെ റെയ്ഡ് നടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്ററെ സ്‌പെഷ്യല്‍ സെല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ് നടന്നിരുന്നു. ന്യൂസ്‌ക്ലിക്ക് പ്രതിനിധി ഇവിടെ താമസിക്കുന്നത് കാരണമാണ് യെച്ചൂരിക്ക് ദല്‍ഹിയില്‍ സര്‍ക്കാര്‍ നല്‍കിയ വസതിയില്‍ റെയ്ഡ് നടന്നിരുന്നത്. റെയ്ഡ് നടക്കുന്ന സമയം യെച്ചൂരി വസതിയിലില്ലായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്കിനെതിരെ ദല്‍ഹി പൊലീസ് യു.എ.പി.എ ചുമത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും ന്യൂസ്‌ക്ലിക്കിലെ സയന്‍സ് ഫോറം ഭാരവാഹി ഡി. രഘുനന്ദന്‍, സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ സഞ്ജയ് രജൗര എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മാധ്യമപ്രവര്‍ത്തകരായ സഞ്ജയ ജൗറ, ഭാഷാ സിങ്, ഊര്‍മിലേഷ്, പ്രബിര്‍ പുര്‍കയസ്ത, അഭിസാര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, സഫ്ദര്‍ ഹാഷ്മിയുടെ സഹോദരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ ഡല്‍ഹിയിലെ വസതികളിലാണ് റെയ്ഡ്. ദല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
Content Highlight: Anurag Thakur reacts to the raid on the houses of Newsclick journalists