അനുരാഗ് ഠാക്കൂര്‍ തെറ്റിദ്ധരിപ്പിച്ചു; ക്രിക്കറ്റ് നടത്തിപ്പിന് പുതിയ സമിതിയെ ആലോചിക്കുമെന്നും സുപ്രീം കോടതി
Daily News
അനുരാഗ് ഠാക്കൂര്‍ തെറ്റിദ്ധരിപ്പിച്ചു; ക്രിക്കറ്റ് നടത്തിപ്പിന് പുതിയ സമിതിയെ ആലോചിക്കുമെന്നും സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th December 2016, 5:14 pm

bcci


കോടതിയില്‍ തെറ്റായ സത്യവാങ് മൂലം നല്‍കിയ ഠാക്കൂറിനെതിരെ നടപടിയെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ അനുരാഗ് ഠാക്കൂര്‍ കളളം പറഞ്ഞുവെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞിരുന്നു.


ന്യൂദല്‍ഹി: ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് സുപ്രീംകോടതി. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളാണ് ഠാക്കൂര്‍ നല്‍കിയതെന്ന് കോടതി പറഞ്ഞു.

കോടതിയില്‍ തെറ്റായ സത്യവാങ് മൂലം നല്‍കിയ ഠാക്കൂറിനെതിരെ നടപടിയെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ അനുരാഗ് ഠാക്കൂര്‍ കളളം പറഞ്ഞുവെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞിരുന്നു. മാപ്പ് പറഞ്ഞില്ലെങ്കില്‍ അനുരാഗ് ഠാക്കൂര്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും സുപ്രീം കോടതി പറഞ്ഞു.

ബി.സി.സി.ഐയില്‍ ബാഹ്യ ഇടപെടല്‍ സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി നടത്തിയ കത്തിടപാടുകള്‍ സംബന്ധിച്ച് ഠാക്കൂര്‍ കളളം പറഞ്ഞതായാണ് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയെ അറിയിച്ചത്. അനുരാഗ് ഠാക്കൂറിനെ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു.


ലോധ കമ്മറ്റി ശുപാര്‍ശകള്‍ സംബന്ധിച്ച  ഐ.സി.സി സി.ഇ.ഒ ഡേവിഡ് റിച്ചാഡ്‌സണുമായുള്ള സംഭാഷണങ്ങള്‍ സംബന്ധിച്ച് സ്വകാര്യ സത്യവാങ്മൂലം നല്‍കാന്‍ ഒക്ടോബറില്‍ സുപ്രീം കോടതി ഠാക്കൂറിനോട് ആവശ്യപ്പെട്ടിരുന്നു. സി.എ.ജി. അംഗത്തിന്റെ ഇടപെടല്‍ സംബന്ധിച്ച് ഠാക്കൂര്‍ ഐ.സി.സിയെ അറിയിച്ചിരുന്നു.

അംഗരാജ്യങ്ങളുടെ നാഷണല്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രങ്ങള്‍ ഉണ്ടാവാന്‍ പാടില്ല എന്നാണ് ഐ.സിസി. നിയമം. മറിച്ച് സംഭവിച്ചാല്‍ അംഗരാജ്യങ്ങളുടെ അംഗീകാരം ഐ.സി.സി പിന്‍വലിക്കും.


ബി.സി.സി.ഐക്ക് പകരം ക്രിക്കറ്റിന്റെ നടത്തിപ്പിന് പുതിയ സമിതിയെ നിയോഗിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. സമിതി അംഗങ്ങളുടെ പേരുകള്‍ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും സുപ്രീം കോടതി ലോധ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.