| Monday, 30th January 2023, 8:00 am

നിശബ്ദനായിരുന്നവന്‍ സ്‌ക്രീനിലൂടെ സംസാരിച്ചു, അദ്ദേഹം ആരാണെന്ന് ഇപ്പോള്‍ മനസിലായല്ലോ: അനുരാഗ് കശ്യപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിശബ്ദനായിരുന്ന് പ്രവര്‍ത്തിയിലൂടെ സംസാരിക്കാനാണ് ഷാരൂഖ് ഖാന്‍ പഠിപ്പിക്കുന്നതെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. ആളുകള്‍ ഇപ്പോള്‍ തിയേറ്ററുകളിലേക്ക് കയറി ഡാന്‍സ് കളിക്കുന്നത് കാണുമ്പോള്‍ വളരെ സന്തോഷമുണ്ടെന്നും അതിന് സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ടെന്നും മിഡ് ഡേ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ അനുരാഗ് പറഞ്ഞു.

‘ജനങ്ങള്‍ തിയേറ്ററിലേക്ക് വന്നു എന്ന് പറയുന്നതിനെക്കാളുപരി ജനങ്ങള്‍ തിയേറ്ററിലേക്ക് വന്ന് ഡാന്‍സ് കളിച്ചു എന്ന് പറയണം. ആ ഒരു ഉന്മേഷം മനോഹരമാണ്. ആ ഉന്മേഷം കഴിഞ്ഞ കുറെ നാളുകളായി ഇല്ലായിരുന്നു. ഇപ്പോള്‍ വന്നിരിക്കുന്ന ഈ ഉന്മേഷത്തിന് സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്. ഒരു പ്രസ്താവന നടത്തുന്നത് പോലെയാണത്.

ശക്തമായ നട്ടെല്ലുള്ള മനുഷ്യനാണ് ഷാരൂഖ്. ഇത്രയും സംഭവിച്ചിട്ടും അദ്ദേഹം നിശബ്ദനായിരുന്നു. അദ്ദേഹം സ്‌ക്രീനില്‍ സംസാരിച്ചു. അതാണ് അദ്ദേഹത്തിന്റെ വര്‍ക്ക്. അത് വളരെ മനോഹരമാണ്. അദ്ദേഹം സ്‌ക്രീനിലൂടെ ഉറക്കെ സംസാരിച്ചു. അദ്ദേഹം നമ്മെ എന്താണ് പഠിപ്പിക്കുന്നതെന്ന് എനിക്ക് മനസിലായി. അദ്ദേഹം പ്രവര്‍ത്തിയിലൂടെ സംസാരിച്ചു. അദ്ദേഹം ആരാണെന്നും എന്താണെന്നും ഇപ്പോള്‍ കാണാന്‍ കഴിയും,’ അനുരാഗ് പറഞ്ഞു.

സംഘപരിവാര്‍ കേന്ദ്രങ്ങളുടെ ശക്തമായ വിദ്വേഷപ്രചരണങ്ങള്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് പത്താന് ലഭിച്ചത്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ 300 കോടിയും കഴിഞ്ഞ് കുതിപ്പ് തുടരുകയാണ് ഷാരൂഖിന്റെ പത്താന്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

2018ലെ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പത്താന്‍. സിദ്ധാര്‍ത്ഥ് ആനന്ദാണ് പത്താന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമാണ് വില്ലനായത്.

Content Highlight: anurag kasyap about sharukh khan and pathaan

Latest Stories

We use cookies to give you the best possible experience. Learn more