ലിയോ സിനിമയില്‍ ചര്‍ച്ചയായ കഥാപാത്രമായിരുന്നു സംവിധായകന്‍ അനുരാഗ് കശ്യപിന്റേത്. ഏതാനും നിമിഷങ്ങള്‍ മാത്രം സ്‌ക്രീനിലെത്തുന്ന അനുരാഗ് പെട്ടെന്ന് തന്നെ മരിച്ചുപോവുകയാണ് ചിത്രത്തില്‍. ഇത് അനുരാഗ് കശ്യപാണെന്ന് മനസിലാക്കാന്‍ പോലുമുള്ള സമയം കിട്ടിയില്ലെന്നാണ് ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. അനുരാഗിനെ പോലെ ഒരു താരത്തെ കൊണ്ടുവന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത റോളില്‍ ലോകേഷ് കനകരാജ് ഒതുക്കി എന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
എന്നാല്‍ ലിയോയിലെ മരണം താന്‍ ചോദിച്ച് വാങ്ങിയതാണെന്ന് പറയുകയാണ് അനുരാഗ് കശ്യപ്. ലോകേഷിന്റെ സിനിമയില്‍ ഒരു മരണ രംഗം ആഗ്രഹിക്കുന്നുവെന്ന് താന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നുവെന്നും അത് കണ്ടാണ് അദ്ദേഹം തന്നെ ലിയോയിലേക്ക് വിളിച്ചതെന്നും അനുരാഗ് പറഞ്ഞു. ഗലാട്ട പ്ലസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ലോകേഷ് കനകരാജിന്റെ സിനിമയില്‍ ഒരു മരണ രംഗം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലോകേഷ് ഈ അഭിമുഖം കണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം എന്നെ വിളിച്ച് തമാശ പറഞ്ഞതാണോ എന്ന് ചോദിച്ചു. ഒരിക്കലുമല്ല, സീരിയസായി തന്നെയാണെന്ന് ഞാന്‍ പറഞ്ഞു. ഒരു ചെറിയ മരണ സീന്‍ ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു. എങ്കില്‍ ഞങ്ങള്‍ക്ക് ഒരു മരണ സീനുണ്ടെന്ന് ലോകേഷ് പറഞ്ഞു. അങ്ങനെ എന്നെ അതിലേക്ക് വളിച്ചു,’ അനുരാഗ് പറഞ്ഞു.
ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ചിത്രത്തില്‍ ആഗ്രഹിക്കുന്ന രംഗത്തെ പറ്റി അനുരാഗ് പറഞ്ഞത്. ‘എനിക്ക് ലോകേഷിന്റെ സിനിമയില്‍ മരിക്കണമായിരുന്നു. ലോകേഷിന്റെ സിനിമയില്‍ എനിക്കൊരു മരണ രംഗം വേണമായിരുന്നു. കാരണം അദ്ദേഹത്തിന്റെ സിനിമയില്‍ മരിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ഒരു ഗ്ലോറിയസ് ഡെത്ത് ആണ് ലഭിക്കുന്നത്. റോള്‍ വേണമെന്നില്ല, എനിക്ക് ഗ്ലോറിയസായി മരിക്കണം,’ അനുരാഗ് പറഞ്ഞു.
Content Highlight: Anurag Kasyap about his character in Leo