| Saturday, 27th January 2024, 4:18 pm

നെഗറ്റീവ് വിമര്‍ശനത്തിന് നല്ല സിനിമയെ ഇല്ലാതാക്കാന്‍ കഴിയില്ല; ഞാന്‍ മലൈക്കോട്ടൈ വാലിബനെ കുറിച്ചാണ് സംസാരിക്കുന്നത്: അനുരാഗ് കശ്യപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ പ്രേമികള്‍ പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.

ലിജോയുടെ ഈ പത്താമത്തെ ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ തന്റെ സിനിമകള്‍ക്ക് നേരെ വരുന്ന ഹേറ്റിനെ കുറിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.

ഇപ്പോള്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സിനിമകള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ കുറിച്ചും മലൈക്കോട്ടൈ വാലിബനെ കുറിച്ചും പറയുകയാണ് അനുരാഗ് കശ്യപ്.

‘ഞാന്‍ ഇപ്പോള്‍ സിനിമയെ വിമര്‍ശിക്കുന്നത് അത്ര സീരിയസായി എടുക്കാറില്ല. കാരണം ഇന്ന് എല്ലാവരും സിനിമയെ വിമര്‍ശിക്കുന്നവരാണ്. സോഷ്യല്‍ മീഡിയയില്‍ എല്ലാവരും സിനിമയെ വിമര്‍ശിക്കുന്നവരാണ്.

ഞാന്‍ ഈ വിമര്‍ശകരില്‍ ചിലരുടേത് മാത്രമേ സിനിമ ക്രിട്ടിക്‌സ് എന്ന നിലയില്‍ വായിക്കാറുള്ളു. ബാക്കിയുള്ളവരുടേത് അവരുടെ ഒപ്പീനിയനുകളാണ്.

ആളുകള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ സിനിമയുടെ ബിസിനസിന് അത് നല്ലതല്ല. അതേസമയം, ഒരു നെഗറ്റീവ് വിമര്‍ശനത്തിന് ഒരിക്കലും ഒരു നല്ല സിനിമയെ ഇല്ലാതാക്കാന്‍ കഴിയില്ല. അതിന് ഒരു ഉദാഹരണം പറയാം ഞാന്‍.

സമീപകാലത്ത് സിനിമ ഇറങ്ങിയിരുന്നു. ഒരു മലയാള സിനിമയാണ് അത്. ആരെങ്കിലും പുതുതായി എന്തെങ്കിലും ചെയ്യുന്നത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. ആ സിനിമക്ക് എതിരെ ആളുകള്‍ ഒരുപാട് ഹേറ്റ് പ്രചരിപ്പിക്കുന്നുണ്ടെന്ന് ഞാന്‍ കേട്ടു.

ഞാന്‍ മലൈക്കോട്ടൈ വാലിബനെ കുറിച്ചാണ് പറയുന്നത്. ഞാന്‍ ആ സിനിമ ഓണ്‍ സ്‌ക്രീനില്‍ കണ്ടതാണ്. എനിക്ക് ആ സിനിമ ഒരുപാട് ഇഷ്ടമായി,’ അനുരാഗ് കശ്യപ് പറഞ്ഞു.

Content Highlight: Anurag Kashyap Talks About Malaikottai Valiban And Negative Critics

Latest Stories

We use cookies to give you the best possible experience. Learn more