സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍.
മലയാള സിനിമാ പ്രേമികള്‍ പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ഇത്. വലിയ ഹൈപ്പോടെ എത്തിയ ചിത്രത്തിന് ആദ്യ ദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ഇതിനിടയില്‍ തന്റെ സിനിമക്ക് എതിരെ വലിയ ഹേറ്റ് ക്യാമ്പയിന്‍ നടക്കുന്നുവെന്ന ആരോപണമായി സംവിധായകനും രംഗത്ത് എത്തിയിരുന്നു.
ഇപ്പോള്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ മലൈക്കോട്ടൈ വാലിബനെ കുറിച്ച് പറയുകയാണ് അനുരാഗ് കശ്യപ്. താന്‍ വാലിബന്‍ കാണാന്‍ പോയത് അങ്കമാലി ഡയറീസ് പ്രതീക്ഷിച്ചിട്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.
‘ആളുകള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ സിനിമയുടെ ബിസിനസിന് അത് നല്ലതല്ല. അതേസമയം, ഒരു നെഗറ്റീവ് വിമര്‍ശനത്തിന് ഒരിക്കലും ഒരു നല്ല സിനിമയെ ഇല്ലാതാക്കാന്‍ കഴിയില്ല. അതിന് ഒരു ഉദാഹരണം പറയാം ഞാന്‍.
സമീപകാലത്ത് സിനിമ ഇറങ്ങിയിരുന്നു. ഒരു മലയാള സിനിമയാണ് അത്. ആരെങ്കിലും പുതുതായി എന്തെങ്കിലും ചെയ്യുന്നത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. ആ സിനിമക്ക് എതിരെ ആളുകള്‍ ഒരുപാട് ഹേറ്റ് പ്രചരിപ്പിക്കുന്നുണ്ടെന്ന് ഞാന്‍ കേട്ടു.
ഞാന്‍ മലൈക്കോട്ടൈ വാലിബനെ കുറിച്ചാണ് പറയുന്നത്. ഞാന്‍ ആ സിനിമ ഓണ്‍ സ്‌ക്രീനില്‍ കണ്ടതാണ്. എനിക്ക് ആ സിനിമ ഒരുപാട് ഇഷ്ടമായി. ഒരു സിനിമ കാണാന്‍ പോകുമ്പോള്‍ പലപ്പോഴും വലിയ പ്രതീക്ഷയുമായാണ് ആളുകള്‍ പോകുന്നത്.
നമ്മള്‍ ഓരോരുത്തരും ഏത് തരം സിനിമയാണ് നമുക്ക് കാണേണ്ടത് എന്ന് ആദ്യമേ തന്നെ തീരുമാനിച്ചിട്ടുണ്ടാകും. പക്ഷേ അതാകില്ല സ്‌ക്രീനില്‍ കാണാന്‍ സാധിക്കുക.
ഞാന്‍ ഒരു സിനിമ കാണാന്‍ പോകുന്നത് ബ്ലാങ്ക് ആയ മനസോടെയാണ്. ഞാന്‍ മലൈക്കോട്ടൈ വാലിബന്‍ കാണാന്‍ പോയത് അങ്കമാലി ഡയറീസ് പ്രതീക്ഷിച്ചിട്ട് ആയിരുന്നില്ല.
ഞാന്‍ പോയത് മലൈക്കോട്ടൈ വാലിബന്‍ കാണാനായിരുന്നു. ഞാന്‍ പോയത് ലിജോ എന്താണ് ഈ സിനിമയില്‍ ചെയ്തത് എന്ന് കാണാന്‍ വേണ്ടിയായിരുന്നു. മോഹന്‍ലാല്‍ എങ്ങനെയാകും ആ കഥാപാത്രം ചെയ്തത് എന്ന് കാണാന്‍ വേണ്ടി കൂടെയാണ് തിയേറ്ററില്‍ പോയത്,’ അനുരാഗ് കശ്യപ് പറഞ്ഞു.
Content Highlight: Anurag Kashyap Talks About Malaikottai valiban