| Thursday, 17th September 2020, 10:04 pm

'നാലുപേരേ കൂട്ടി ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് പോകൂ, അവരറിയട്ടെ ഇന്ത്യയെ രക്ഷിക്കാന്‍ നിങ്ങളുണ്ടെന്ന്': കങ്കണയോട് അനുരാഗ് കശ്യപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നടി കങ്കണ റണൗത്തും സംവിധായകന്‍ അനുരാഗ് കശ്യപും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ഇന്ന് കങ്കണയുടെ ചില വിവാദ പ്രസ്താവനകള്‍ക്ക് മറുപടിയുമായെത്തിയ അനുരാഗിന്റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

താന്‍ ഒരു പോരാളിയാണെന്നും തന്റെ തലവെട്ടിയാലും ആരുടെ മുന്നിലും ഞാന്‍ തലകുനിക്കില്ലെന്നും രാജ്യത്തിന് അഭിമാനത്തിന് വേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുമെന്ന് പറഞ്ഞ് കങ്കണ പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയായാണ് അനുരാഗിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

‘നിങ്ങള്‍ രാജ്യത്തിന്റെ ഒരേയൊരു മണികര്‍ണികയല്ലേ…ഒരു നാലുപേരേ കൂട്ടി ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് പോകു. എന്നിട്ട് ചൈനയെ പരാജയപ്പെടുത്തി വരൂ…അവരറിയട്ടെ നിങ്ങളുടെ ശക്തി. അവര്‍ മനസ്സിലാക്കട്ടെ നിങ്ങള്‍ ഉള്ളിടത്തോളം കാലം ഇന്ത്യയെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്. എല്‍എസിയിലേക്ക് നിങ്ങളുടെ വീട്ടില്‍ നിന്ന് ഒരു ദിവസത്തെ യാത്രയല്ലേ ഉള്ളു. വേഗം പോയി വരൂ…ജയ് ഹിന്ദ്’- ഇതായിരുന്നു അനുരാഗിന്റെ ട്വീറ്റ്.

ഇതാദ്യമായല്ല കങ്കണയും അനുരാഗും വാക്‌പോരിലേര്‍പ്പെടുന്നത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് ശേഷം ബോളിവുഡിനെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങളില്‍ വിയോജിപ്പുമായി അനുരാഗ് രംഗത്തെത്തിയിരുന്നു.

നേരത്തേ നടി ഊര്‍മിള മതോണ്ട്ക്കറിനെ കടന്നാക്രമിച്ച് കങ്കണ റണൗത്ത് രംഗത്തെത്തിയിരുന്നു. മുംബൈയ്ക്കെതിരെ കങ്കണ നടത്തിയ പരാമര്‍ശത്തില്‍ ഊര്‍മിള കങ്കണയെ വിമര്‍ശിച്ചതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം. ഊര്‍മിള തന്റെ പ്രതിബന്ധങ്ങളെ പരിഹസിച്ചെന്നു പറഞ്ഞ കങ്കണ ഊര്‍മിള ഒരു സോഫ്റ്റ് പോണ്‍ നടിയാണെന്നും ആരോപിച്ചു.

‘ഊര്‍മിള മതോണ്ട്ക്കര്‍ നല്‍കിയ നിന്ദ്യമായ ഒരഭിമുഖം ഞാന്‍ കണ്ടു. എന്റെ പോരാട്ടങ്ങളെ പരിഹസിച്ചു. ബി.ജെ.പി ടിക്കറ്റിനായി ഞാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഊര്‍മിള ഒരു സോഫ്റ്റ് പോണ്‍ സ്റ്റാറാണ്. അവര്‍ അവരുടെ അഭിനയം കൊണ്ടല്ല അറിയപ്പെടുന്നത് എന്നത് തീര്‍ച്ചയാണ്. സോഫ്റ്റ് പോണ്‍ ചെയ്യുന്നതു മൂലമാണ് അവര്‍ അറിയപ്പെടുന്നത്,’ കങ്കണ പറഞ്ഞു. ടൈംസ് നൗവിനോടാണ് കങ്കണയുടെ പ്രതികരണം.

കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി സ്വര ഭാസ്‌കര്‍, സംവിധായകന്‍ അനുഭവ് സിന്‍ഹ എന്നിവര്‍ രംഗത്തു വന്നു.
ഊര്‍മിളയുടെ അത്യുജ്ജല പ്രകടനവും ഡാന്‍സും ഞാന്‍ ഓര്‍മിക്കുന്നു എന്നാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്.

എക്കാലത്തെയും മികച്ച അഭിനേത്രിയാണ് ഊര്‍മിള എന്നാണ് അനുഭവ് സിന്‍ഹയുടെ പ്രതികരണം. നേരത്തെ കങ്കണ മുംബൈയ്ക്കെതിരെയും ബോളിവുഡിനെതിരെയും നടത്തിയ ആരോപണങ്ങള്‍ക്കെതിരെ ഊര്‍മിള മതോണ്ട്ക്കര്‍ രംഗത്തു വന്നിരുന്നു.

കങ്കണ അനാവശ്യമായി ഇരവാദം നടത്തുകയാണെന്ന് ആരോപിച്ച ഊര്‍മിള കങ്കണയുടെ സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലാണ് മയക്കു മരുന്ന് മാഫിയയുടെ ഉറവിടം എന്നും ആദ്യം അവിടെ അന്വേഷണം നടത്തണമെന്നുമാണ് പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: anurag kashyap slams kangana ranuat

Latest Stories

We use cookies to give you the best possible experience. Learn more