ന്യൂദല്‍ഹി: കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ആംആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. നട്ടെല്ലില്ലാത്തവന്‍ എന്നു പറഞ്ഞാല്‍ അത് അരവിന്ദ് കെജ്‌രിവാളിന് പ്രശംസയാവുകയേ ഉള്ളൂ എന്നായിരുന്നു അനുരാഗ് ട്വീറ്റ്. വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ആംആദ്മി സര്‍ക്കാരിന്റെ തീരുമാനത്തോടുള്ള കനയ്യകുമാറിന്റെ പ്രതികരണം കൂടി ഉള്‍പ്പെടുത്തിയായിരുന്നു അനുരാഗിന്റെ ട്വീറ്റ്.
‘മഹാനായ അരവിന്ദ് കെജ്‌രിവാള്‍ ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതൊരു അധികപ്രശംസയാകും. നിങ്ങള്‍ അത്രക്ക് പോലുമില്ല. ആംആദ്മിക്ക് ഇല്ലേയില്ല.’ എന്നായിരുന്നു അനുരാഗിന്റെ ട്വീറ്റ്. എത്ര രൂപക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നതെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.
Mahashay @ArvindKejriwal ji.. aap ko kya kahein .. spineless toh compliment hai .. aap to ho hi nahin .. AAP to hai hi nahin .. कितने में बिके ? https://t.co/nSTfmm0H8r
വ്യാപക വിമര്‍ശനമുയര്‍ന്നതിന് ശേഷവും വിചാരണ ചെയ്യാന്‍ കൊടുത്ത അനുമതി പിന്‍വലിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ദല്‍ഹി നിയമ വകുപ്പ് വളരെ ശ്രദ്ധയോടെ വിഷയം പഠിച്ചതിന് ശേഷം തങ്ങളുടെ അഭിപ്രായം സംസ്ഥാന ആഭ്യന്തര വകുപ്പിനെ അറിയിച്ചു. അതിന് ശേഷമാണ് കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി കൊടുത്തത്. തങ്ങളുടെ നയവും നിലപാടും അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷം ആരുടെയും വിചാരണ നടപടിക്ക് അനുമതി നല്‍കുന്നത് തടഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി വക്താവായ രാഘവ് ചന്ദ അറിയിച്ചു.
ദല്‍ഹി സര്‍ക്കാരിന് നന്ദി എന്നാണ് കനയ്യ ട്വീറ്റ് ചെയ്തത്. തന്റെ വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ എത്രയും വേഗത്തില്‍ കോടതിയില്‍ നിയമപ്രകാരം നടത്തണമെന്നും കനയ്യ ആവശ്യപ്പെട്ടു.
2016ല്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു കനയ്യ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണം. നേരത്തെ കനയ്യ അടക്കമുള്ളവര്‍ക്കെതിരായ ആരോപണത്തിന് അടിസ്ഥാനമാക്കിയിരുന്ന സീ ടിവി സംപ്രേഷണം ചെയ്ത വീഡിയോ ടേപ്പ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് വ്യാജ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മൂന്നു വാര്‍ത്താ ചാനലുകള്‍ക്കെതിരേ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
സീ ന്യൂസ്, ന്യൂസ് എക്‌സ്, ടൈംസ് ന്യൂസ് എന്നീ വാര്‍ത്ത ചാനലുകള്‍ക്കെതിരെയായിരുന്നു കേസ്. ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ വിദ്യാര്‍ഥികള്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് ചാനലുകള്‍ പ്രചരിപ്പിച്ചത്.