ഇന്ത്യന് സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. പാഞ്ച് എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച അനുരാഗ് കശ്യപ് പിന്നീട് നോ സ്മോക്കിങ്, ബ്ലാക്ക് ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. ഇന്ത്യന്‍ സിനിമ അതുവരെ കാണാത്ത തരത്തില്‍ ഗ്യാങ്സ് ഓഫ് വസേപൂര്‍ എന്ന ചിത്രം പുറത്തിറക്കിയതോടെ ഇന്ത്യ മുഴുവന്‍ അനുരാഗ് കശ്യപ് ശ്രദ്ധേയനായി.
2024ല്‍ തന്നെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സാണെന്ന് പറയുകയാണ് അനുരാഗ് കശ്യപ്. ചിത്രത്തിന്റെ സംവിധായകന്‍ ചിദംബരത്തെ തനിക്ക് മുന്നേ അറിയാമായിരുന്നെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. രാജീവ് രവിയുടെ അസിസ്റ്റന്റായി ചിദംബരം നില്‍ക്കുന്ന സമയത്ത് താന്‍ അയാളെ പരിചയപ്പെട്ടിരുന്നുവെന്ന് അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.
മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഒരു കുട്ടി വെള്ളത്തിലേക്ക് ചാടുന്ന ഷോട്ടില്‍ നിന്ന് ശ്രീനാഥ് ഭാസിയുടെ സീനിലേക്കുള്ള ട്രാന്‍സിഷന്‍ കണ്ട് താന്‍ അമ്പരന്നുവെന്നും തന്റെ രോമം എഴുന്നേറ്റ് നിന്നെന്നും അനുരാഗ് കശ്യപ് പറഞ്ഞു. തന്റെ അഭിപ്രായത്തില്‍ 2024ലെ ഏറ്റവും മികച്ച സിനിമാറ്റിക് മൊമന്റ് അതായിരുന്നെന്നും ആ സീന്‍ കണ്ട് താന്‍ വാ പൊളിച്ചു നിന്നെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലെ ന്യൂ ജനറേഷന്‍ സംവിധായകരുടെ പ്രത്യേകതയാണ് ഇത്തരം സിനിമകളെന്നും മറ്റ് ഇന്‍ഡസ്ട്രികളില്‍ കാണുന്നതുപോലെ പാന്‍ ഇന്ത്യന്‍ റീച്ചിന് വേണ്ടി മനഃപൂര്‍വം ഒന്നും ചേര്‍ക്കാറില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു. സിനിമയുടെ ബിസിനസ്സിനെക്കുറിച്ച് അധികം ചിന്തിച്ച് തല പുണ്ണാക്കാറില്ലെന്നും കണ്ടന്റിന് പ്രാധാന്യം നല്‍കുന്നുണ്ടെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അനുരാഗ് കശ്യപ്.
‘2024ല്‍ ഒരുപാട് മികച്ച സിനിമകള്‍ മലയാളത്തില്‍ നിന്ന് ഉണ്ടായി. അതില്‍ എന്നെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയത് മഞ്ഞുമ്മല്‍ ബോയ്‌സാണ്. അതിന്റെ സംവിധായകന്‍ ചിദംബരത്തെ എനിക്ക് ആദ്യമേ അറിയാം. രാജീവ് രവിയുടെ അസിസ്റ്റന്റായി ചിദംബരം വര്‍ക്ക് ചെയ്യുന്ന സമയത്ത് അയാളെ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീടാണ് അയാള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ചെയ്തത്.
ആ സിനിമയിലെ ഒരു പ്രത്യേക ഷോട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി. അതായത്, ഒരു കുട്ടി വെള്ളത്തിലേക്ക് എടുത്തുചാടുന്ന ഷോട്ടില്‍ നിന്ന് ശ്രീനാഥ് ഭാസിയുടെ സീനിലേക്കുള്ള ട്രാന്‍സിഷന്‍ മനോഹരമാണ്. അത് കണ്ടപ്പോള്‍ എന്റെ രോമം എഴുന്നേറ്റുനിന്നു. എന്റെ അഭിപ്രായത്തില്‍ 2024ലെ ഏറ്റവും മികച്ച സിനിമാറ്റിക് മൊമന്റാണ് അത്.
മലയാളത്തിലെ ന്യൂ ജനറേഷന്‍ സംവിധായകരുടെ പ്രത്യേകതയാണ് ഇത്തരം സിനിമകള്‍. മറ്റ് ഇന്‍ഡസ്ട്രികളില്‍ കാണുന്നതുപോലെ പാന്‍ ഇന്ത്യന് വേണ്ടി മനഃപൂര്‍വം ഒന്നും ചേര്‍ക്കാറില്ല. അവര്‍ സിനിമയുടെ ബിസിനസ്സിനെക്കുറിച്ചം ആലോചിക്കാറില്ല. അവര്‍ കൂടുതലും പ്രാധാന്യം കൊടുക്കുന്നത് കണ്ടന്റുകള്‍ക്കാണ്,’ അനുരാഗ് കശ്യപ് പറയുന്നു.
Content Highlight: Anurag Kashyap says Manjummel Boys is best film of 2024