ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. പാഞ്ച് എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച അനുരാഗ് കശ്യപ് പിന്നീട് നോ സ്‌മോക്കിങ്, ബ്ലാക്ക് ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. ഇന്ത്യന്‍ സിനിമ അതുവരെ കാണാത്ത തരത്തില്‍ ഗ്യാങ്‌സ് ഓഫ് വസേപൂര്‍ എന്ന ചിത്രം പുറത്തിറക്കിയതോടെ ഇന്ത്യ മുഴുവന്‍ അനുരാഗ് കശ്യപ് ശ്രദ്ധേയനായി.
സംവിധാനത്തിന് പുറമെ നിര്‍മാണം, അഭിനയം എന്നീ മേഖലകളിലും അനുരാഗ് കശ്യപ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവിലെ ബോളിവുഡ് സിനിമാരീതികളെ അനുരാഗ് പലപ്പോഴായി വിമര്‍ശിക്കുന്നത് വലിയ വാര്‍ത്തയായിട്ടുണ്ട്. തനിക്ക് ബോളിവുഡ് ഇന്‍ഡസ്ട്രി മടുത്തെന്ന് പറയുകയാണ് അനുരാഗ് കശ്യപ്. ബോളിവുഡിന്റെ ഇപ്പോഴത്തെ അവസ്ഥയോട് തനിക്ക് വെറുപ്പ് തോന്നിത്തുടങ്ങിയെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
മികച്ച നടന്മാരെയും നല്ല സിനിമകളെയും സൃഷ്ടിക്കുന്നതിന് പകരം സ്റ്റാറുകളെ ഉണ്ടാക്കാനാണ് ബോളിവുഡ് കൂടുതലും ശ്രമിക്കുന്നതെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും ഒരു നടനെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയാല്‍ അയാളെ ഒരു ഏജന്‍സി ഏറ്റെടുക്കുമെന്നും അയാളെ കൂടുതലായി മാര്‍ക്കറ്റ് ചെയ്യിക്കുമെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
ആ നടന്റെ അഭിനയത്തിലെ സ്‌കില്ലുകള്‍ വര്‍ധിപ്പിക്കുന്നതിന് പകരം അയാളെ വെച്ച് കാശുണ്ടാക്കാനാണ് അത്തരം ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും അതുകൊണ്ട് ആ നടന്മാര്‍ക്കോ ഇന്‍ഡസ്ട്രിക്കോ ഗുണമുണ്ടാകില്ലെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു. ആക്ടിങ് വര്‍ക്ക് ഷോപ്പുകളെക്കാള്‍ അവര്‍ പ്രാധാന്യം നല്‍കുന്നത് ജിമ്മുകള്‍ക്കാണെന്നും നടന്മാരും അതുപോലെയാണെന്നും അനുരാഗ് പറഞ്ഞു.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ബോളിവുഡ് വിട്ട് സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യമെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് ഇക്കാര്യം പറഞ്ഞത്.
‘ബോളിവുഡിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ ഡിസപ്പോയിന്റഡാണ്. അതിലുപരി ഈ ഇന്‍ഡസ്ട്രിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ എനിക്ക് വെറുപ്പാണ് കൂടുതലായി തോന്നാറുള്ളത്. ഇവിടെ നല്ല സിനിമകള്‍ നിര്‍മിക്കുക എന്നതിനെക്കാള്‍ സ്റ്റാറുകളെയും ബ്ലോക്ക്ബസ്റ്ററുകളും ഉണ്ടാക്കുക എന്നതിനാണ് കൂടുതല്‍ പ്രാധാന്യം. ഏജന്‍സികളാണ് ഇന്ന് ബോളിവുഡ് ഭരിക്കുന്നത്. ഏതെങ്കിലുമൊരു നടന്‍ ശ്രദ്ധിക്കപ്പെട്ട് വരുമ്പോള്‍ ഏജന്‍സി അവരെ വിലക്ക് വാങ്ങും. പിന്നീട് അവര്‍ പറയുന്നതെല്ലാം ആ നടനെക്കൊണ്ട് ചെയ്യിക്കും.
ആ നടനെ വെച്ച് പരമാവധി കാശുണ്ടാക്കുക എന്ന് മാത്രമേ ആ ഏജന്‍സി ചിന്തിക്കുള്ളൂ. ആ നടന്റെ ആക്ടിങ് സ്‌കില്‍ വര്‍ധിപ്പിക്കാനുള്ള ഒരു കാര്യവും അവര്‍ ചെയ്യില്ല. ആക്ടിങ് വര്‍ക്ക്‌ഷോപ്പുകളെക്കാള്‍ ജിമ്മിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. നടന്മാരും അതുപോലെ തന്നെയാണ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഞാന്‍ ബോളിവുഡ് വിടും. പിന്നീട് സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധ നല്‍കാനാണ് താത്പര്യം,’ അനുരാഗ് കശ്യപ് പറഞ്ഞു.
Content Highlight: Anurag Kashyap says he disgusted with Bollywood industry