ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. പാഞ്ച് എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച അനുരാഗ് കശ്യപ് പിന്നീട് നോ സ്മോക്കിങ്, ബ്ലാക്ക് ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. ഇന്ത്യന്‍ സിനിമ അതുവരെ കാണാത്ത തരത്തില്‍ ഗ്യാങ്സ് ഓഫ് വസേപൂര്‍ എന്ന ചിത്രം പുറത്തിറക്കിയതോടെ ഇന്ത്യ മുഴുവന്‍ അനുരാഗ് കശ്യപ് ശ്രദ്ധേയനായി.
കഴിഞ്ഞ വര്‍ഷമിറങ്ങിയ മഹാരാജ എന്ന തമിഴ് ചിത്രത്തിലൂടെയും റൈഫിള്‍ ക്ലബ് എന്ന മലയാളം സിനിമയിലൂടെയും അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമകളോടുള്ള ഇഷ്ടവും ബോളിവുഡിനോടുള്ള അനിഷ്ടവും പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് അനുരാഗ് കശ്യപ്. വീണ്ടും ബോളിവുഡിനെ വിമര്‍ശിക്കുകയാണ് അദ്ദേഹം.
റൈഫിള്‍ ക്ലബ് പോലെ ഒരു ചിത്രം ബോളിവുഡില്‍ നിര്‍മിക്കാന്‍ കഴിയില്ലെന്ന് അനുരാഗ് കശ്യപ് പറയുന്നു. ബോളിവുഡിലെ അഭിനേതാക്കളുടെ കരിയര്‍ അവസാനിക്കാതെ അത്തരം സിനിമ അവിടെ ഉണ്ടാകില്ലെന്നും അല്ലെങ്കില്‍ എല്ലാവരും പുതുമുഖങ്ങള്‍ ആകണമെന്നും അദ്ദേഹം പറഞ്ഞു. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുരാഗ് കശ്യപ്.
‘റൈഫിള്‍ ക്ലബ് പോലെ ഒരു സിനിമ പോലും ബോളിവുഡില്‍ നിര്‍മിക്കാന്‍ കഴിയില്ല. ബോളിവുഡിലെ അഭിനേതാക്കളുടെ കരിയറെല്ലാം അവസാനിക്കാതെ നിങ്ങള്‍ക്ക് അങ്ങനെ ഒരു സിനിമ ബോളിവുഡില്‍ ചെയ്യാന്‍ കഴിയില്ല. അല്ലെങ്കില്‍ എല്ലാവരും പുതുമുഖങ്ങള്‍ ആകണം. ഞാനും ഒരു അഭിനേതാവാണ് നീയും ഒരു അഭിനേതാവാണ്. അതുകൊണ്ട് തന്നെ നിനക്ക് രണ്ടാംതരമായൊരു കഥാപാത്രം ഞാന്‍ ചെയ്യില്ല. ആ മാനോഭാവമാണ് ബോളിവുഡിലെ അഭിനേതാക്കള്‍ക്കുള്ളത്.
ഒരാളെക്കാള്‍ താഴെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബോളിവുഡിലെ താരങ്ങള്‍ തയ്യാറാകില്ല. അവര്‍ ഡയലോഗെല്ലാം വായിച്ച് നോക്കും. എന്നിട്ട് ഡയലോഗാണ് അഭിനയമെന്ന് കരുതും. എല്ലാം പേപ്പറില്‍ ഉള്ളതല്ല, അതിനും അപ്പുറം ഒരു അഭിനേതാവ് ചെയ്യേണ്ടതായുണ്ട്. ആ ഒരു പ്രക്രിയ അവര്‍ക്കറിയില്ല.
കൂടാതെ ബോളിവുഡിലെ അഭിനേതാക്കള്‍ക്കെല്ലാം ഓരോ ഏജന്‍സി ഉണ്ടാകും. അവര്‍ ആ ഏജന്‍സിയുടെ സംരക്ഷണത്തിലായിരിക്കും. അഭിനേതാവിനും ഫിലിം മേക്കറിനും ഇടയില്‍ ആ ഏജന്‍സി ഒരു മതില്‍ പോലെ പ്രവൃത്തിക്കും,’ അനുരാഗ് കശ്യപ് പറയുന്നു.