| Saturday, 20th January 2024, 12:59 pm

'വാലിബന്‍ കണ്ട ശേഷം അനുരാഗ് കശ്യപ് എന്നെ വിളിച്ചുപറഞ്ഞത് ഇതാണ്'; മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലുമായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി വാലിബനുണ്ട്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാലോകം മുഴുവന്‍ വലിയ പ്രതീക്ഷയിലാണ്. സിനിമയുടെ ഴോണറിനെക്കുറിച്ചുള്ള ഒരു സൂചനയും ട്രെയ്‌ലറില്‍ നിന്നോ ടീസറില്‍ നിന്നോ ലഭിച്ചിരുന്നില്ല. കൗമുദി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം .

കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റില്‍ മോഹന്‍ലാലിന്റെ പ്രസ്താവന ആളുകളുടെ ആകാംക്ഷ കൂട്ടുന്ന തരത്തിലുള്ളതായിരുന്നു. ‘ഇങ്ങനെയൊരു സിനിമ ഞങ്ങളുടെ ഇന്‍ഡസ്ട്രിയില്‍ ഇറങ്ങുന്നില്ലല്ലോ എന്നാണ് ഈ സിനിമ കണ്ട മറ്റു ഭാഷയിലെ ആളുകള്‍ ഞങ്ങളോട് പറഞ്ഞത്’ മോഹന്‍ലാല്‍ പറഞ്ഞു. ഈ പ്രസ്താവന സിനിമയുടെ ഹൈപ്പ് കൂട്ടില്ലേ എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ഞാന്‍ പറഞ്ഞത് സിനിമയുമായി ബന്ധപ്പെട്ട ആളുകള്‍ വാലിബനെപ്പറ്റി പറഞ്ഞ കാര്യമാണ്. സിനിമയുടെ ക്രാഫ്റ്റിനെപ്പറ്റി മനസിലാക്കുന്നവരുടെ അഭിപ്രായമാണത്. സാധാരണ പ്രേക്ഷകര്‍ ഇതുവരെ ഈ സിനിമ കണ്ടിട്ടില്ല. ഈ സിനിമയുടെ ഹിന്ദി വെര്‍ഷനില്‍ എനിക്ക് വേണ്ടി ഡബ് ചെയ്തത് അനുരാഗ് കശ്യപാണ്. അദ്ദേഹം ഈ സിനിമ തെരഞ്ഞെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ വേണ്ടി ഒരു തവണ കണ്ടു. അനുരാഗും ലിജോയും കൂടിയാണ് സിനിമ കണ്ടത്. അദ്ദേഹം ഈ സിനിമ കണ്ട ശേഷം എന്നെ വിളിച്ച് സന്തോഷത്തോടെ ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞു. ഐ ആം വെരി ഹാപ്പി ടു ബി എ പാര്‍ട്ട് ഓഫ് ദിസ് ഫിലിം. ഇങ്ങനെയൊരു സിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല എന്ന് പറഞ്ഞു.’ മോഹന്‍ലാല്‍ പറഞ്ഞു.

ജയ്‌സാല്‍മേര്‍, പൊഖ്രാന്‍, എന്നിവിടങ്ങിളിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. മോഹന്‍ലാലിനെക്കൂടാതെ സോനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, സുചിത്ര നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തിലുണ്ട്. മധു നീലകണ്ഠനാണ് സിനിമയുടെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിബു ബേബി ജോണാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 25ന് വാലിബന്‍ തിയേറ്ററുകളിലെത്തും.

Content Highlight; Anurag Kashyap’s reaction after watching Malaikkottai Vaaliban

We use cookies to give you the best possible experience. Learn more