'ഇതാണ് ആ ചിത്രം,' അനുരാഗ് കശ്യപ് - റോഷന്‍ മാത്യു ചിത്രം നെറ്റ്ഫ്‌ളിക്‌സ് റീലിസിന്
Entertainment
'ഇതാണ് ആ ചിത്രം,' അനുരാഗ് കശ്യപ് - റോഷന്‍ മാത്യു ചിത്രം നെറ്റ്ഫ്‌ളിക്‌സ് റീലിസിന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th May 2020, 1:02 pm

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന റോഷന്‍ മാത്യുവിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ചോക്ക്ഡ് പേസ ബോല്‍താ ഹേ’ നെറ്റ്ഫ്‌ളിക്‌സില്‍ റീലിസിനെത്തുന്നു. ജൂണ്‍ 5നാണ് ചിത്രത്തിന്റെ നെറ്റ്ഫ്‌ളിക്‌സ് പ്രീമിയര്‍.

ഗീതു മോഹന്‍ദാസിന്റെ മൂത്തോനിലെ പ്രകടനത്തിന് ശേഷമായിരുന്നു അനുരാഗ് കശ്യപ് റോഷനെ ഈ ചിത്രത്തിലേക്ക് വിളിച്ചത്. മൂത്തോന്‍ ഇറങ്ങിയ സമയത്ത് തന്നെ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ചോക്ക്ഡിലേക്ക് എത്തിയതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുക്കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് വിവരങ്ങള്‍ റോഷന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ‘2018 നവംബര്‍ മൂന്നിന് അനുരാഗ് കശ്യപ് എന്നെ വിളിച്ചു. മൂത്തോന്റെ എഡിറ്റിംഗ് കണ്ടുവെന്നും അതിലെ എന്നെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. പിന്നീട് അദ്ദേഹം പറഞ്ഞു, ‘ഞാന്‍ നിങ്ങള്‍ക്ക് ഒരു സ്‌ക്രിപ്റ്റ് അയക്കാം. കുറെ നാളായി ഞാന്‍ ചെയ്യണമെന്ന് വിചാരിക്കുന്ന ഒരു സിനിമയാണ്. വായിച്ചിട്ട് നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ പറയൂ’ ഇതാണ് ആ ചിത്രം’ റോഷന്‍ മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സസ്‌പെന്‍സ് ത്രില്ലറായാണ് ചോക്ക്ഡ് ഒരുക്കിയിരിക്കുന്നത്. മിഡില്‍ ക്ലാസ് ജീവിതം നയിക്കുന്ന ഒരു ബാങ്ക് ജീവനക്കാരിക്ക് പണം തരുന്ന ഒരു അക്ഷയപാത്രത്തിന് തുല്യമായ ഒരു പുതിയ മാര്‍ഗം തുറന്നുവരുന്നതും അതിന് തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ എന്നാണ് സൂചനകള്‍. സൈയാമി ഖേര്‍ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ സരിത പിള്ളയെ അവതരിപ്പിക്കുന്നത്. സരിതയുടെ ഭര്‍ത്താവായ സുശാന്ത് ആയിട്ടാണ് റോഷന്‍ മാത്യു ചിത്രത്തിലെത്തുന്നത്.

ലോക്ക്ഡൗണിന്റെ ഭാഗമായി തിയറ്ററുകള്‍ അടച്ചതോടെ തിയറ്റര്‍ റീലിസിന് ഒരുങ്ങിയിരിക്കുകയായിരുന്ന പല ചിത്രങ്ങളും ഇപ്പോള്‍ ഓണ്‍ലൈന്‍ റീലിസായി എത്തുകയാണ്. ജയസൂര്യയുടെ സൂഫിയും സുജാതയും, ജ്യോതിക നായികയായ പൊന്‍മകള്‍ വന്താല്‍, കീര്‍ത്തി സുരേഷിന്റെ പെന്‍ഗ്വിന്‍, വിദ്യാ ബാലന്റെ ശകുന്തള ദേവി, അമിതാഭ് ബച്ചന്‍ – ആയുഷ്മാന്‍ ഖുരാന ചിത്രം ഗുലാബോ സിതാബോ എന്നീ ചിത്രങ്ങളെല്ലാം ഓണ്‍ലൈന്‍ റിലീസിനെത്തുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക