| Thursday, 4th June 2020, 6:03 pm

പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളും നാല് മണിക്കൂറും; നോട്ട് നിരോധനവും ലോക്ഡൗണും ഓര്‍ത്ത് അനുരാഗ് കശ്യപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനവും എന്‍.ആര്‍.സി നയവും കോവിഡ് ലോക്ഡൗണും കൃത്യമായ ആസൂത്രണമില്ലാതെ നടപ്പിലാക്കിയവയാണെന്ന് ആവര്‍ത്തിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. അവസാന നിമിഷം പ്രഖ്യാപനം നടത്തുന്ന രീതിയാണ് പ്രധാനമന്ത്രിയുടേതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കശ്യപ് ഇക്കാര്യങ്ങള്‍ വിവരിച്ചത്.

‘ഒരു പ്രധാനമന്ത്രി എല്ലാവരെയും ബാധിക്കുന്ന തരത്തില്‍ പ്രഖ്യാപനം നടത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതികരണങ്ങളെക്കുറച്ച് ധാരണയുണ്ടാവണം. ഇത് ആവേശത്തിന്റെ പുറത്തെടുക്കുന്ന തീരുമാനങ്ങളല്ല. അഡ്മിനിസ്‌ട്രേറ്റീവ് സെക്ഷനും ഡിപാര്‍ട്ട്‌മെന്റുകളും മന്ത്രാലയവും എട്ടോ ഒമ്പതോ മാസം ആലോചിച്ചാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. അല്ലേ? പക്ഷേ, ഇവിടെ സംഭവിച്ചത് അങ്ങനെയല്ല. നാല് മണിക്കൂര്‍ സമയം മാത്രമാണ് അദ്ദേഹം നമുക്ക് നല്‍കുന്നത്’, അനുരാഗ് കശ്യപ് പറഞ്ഞു.

നോട്ട് നിരോധനം നടപ്പിലാക്കിയപ്പോള്‍ നമുക്കത് മനസിലായതാണ്. തീരുമാനങ്ങളെല്ലാം അവസാന നിമിഷത്തിലായിരുന്നു. ലോക്ഡൗണ്‍, സി.എ.എ, എന്‍.ആര്‍.സി എല്ലാം അങ്ങനെത്തന്നെയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇന്ന് പ്രഖ്യാപിക്കുന്നു, നാളെ നടപ്പിലാക്കുന്നു, എന്നിട്ട് അത് അനുസരിക്കാന്‍ ജനങ്ങളെ തള്ളിവിടുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസം എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. അതിഥി തൊഴിലാളികളെക്കുറിച്ചായിരുന്നു എന്റെ ആദ്യ ട്വീറ്റ്. പക്ഷേ, എനിക്ക് നേരെയുണ്ടായത് കരുണയില്ലാത്തവിധം ട്രോളുകളും’, കശ്യപ് പറഞ്ഞു.

മോദി സര്‍ക്കാരിന്റെ വിവിധ നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന സംവിധായകനാണ് അനുരാഗ് കശ്യപ്. കശ്യപിന്റെ പുതിയ ചിത്രം ചോക്ഡ് ജൂണ്‍ അഞ്ചിന് നെറ്റ് ഫ്‌ളിക്‌സ് റിലീസിലൂടെ കാണികളിലേക്കെത്തുകയാണ്. മിഡില്‍ ക്ലാസ് ജീവിതം നയിക്കുന്ന ഒരു ബാങ്ക് ജീവനക്കാരിക്ക് പണം തരുന്ന ഒരു അക്ഷയപാത്രത്തിന് തുല്യമായ ഒരു പുതിയ മാര്‍ഗം തുറന്നുവരുന്നതും അതിന് തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ എന്നാണ് സൂചനകള്‍. സൈയാമി ഖേര്‍ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ സരിത പിള്ളയെ അവതരിപ്പിക്കുന്നത്. സരിതയുടെ ഭര്‍ത്താവായ സുശാന്ത് ആയി മലയാളി താരം റോഷന്‍ മാത്യുവും ചിത്രത്തിലെത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more