ന്യൂദല്‍ഹി: പൗരത്വ ഭേദഗതിനിയമത്തിനെതിരായി പ്രതിഷേധം രേഖപ്പെടുത്തി ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപ്.
” അധികാരത്തില്‍ പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന, ഭയപ്പെടുത്തുന്ന, അഹംഭാവമുള്ള, വിദ്യാഭ്യാസമില്ലാത്ത’സര്‍ക്കാരിനെയാണ് ഇത് കാണിക്കുന്നത്.” അദ്ദേഹം എന്‍.ഡി.ടിവിയോട് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധിച്ചതും മെട്രോ നിര്‍ത്തിവെച്ചതും പേടിച്ചരണ്ട സര്‍ക്കാരായതുകൊണ്ടാണെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്ന ഏക അജണ്ടയാണ് സര്‍ക്കാറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ആളുകളെ തടഞ്ഞുവയ്ക്കുകയാണ്, പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ല – ഇതും അടിയന്തരാവസ്ഥയും തമ്മിലുള്ള വ്യത്യാസമെന്താണ്? നരേന്ദ്ര മോദി കോണ്‍ഗ്രസിനെ അധിക്ഷേപിക്കാറുണ്ടായിരുന്നു, ഇന്ന് അദ്ദേഹം ഇന്ദിരാഗാന്ധിയായിത്തീര്‍ന്നു. അമിത് ഷാ സഞ്ജയ് ഗാന്ധിയായി മാറി. അപ്പോള്‍ എന്താണ് അവരും അവര്‍ അധിക്ഷേപിക്കുന്നവരും തമ്മിലുള്ള വ്യത്യാസം? ‘കശ്യപ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അസമില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേധിച്ചിരുന്നു. പിന്നാലെ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കണമെന്ന് ഗുവാഹത്തി ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
നേരത്തെ ദല്‍ഹിയില്‍ ടെലഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വോയിസ്, എസ്.എം.എസ് ഡാറ്റ എന്നിവയാണ് റദ്ദ് ചെയ്തത്.
സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം സേവനം നിര്‍ത്തിവെക്കുകയാണെന്ന് ഭാരതി എയര്‍ടെല്‍ ട്വീറ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ സേവനം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.