ന്യൂദല്‍ഹി: സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് സംവിധായകനും നിര്‍മാതാവും നടനുമായ അനുരാഗ് കശ്യപ് ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. തന്റെ മകള്‍ക്കും മാതാപിതാക്കള്‍ക്കും ഭീഷണി ഉയരുന്നുണ്ടെന്ന് വ്യക്തമാക്കി ഇന്നലെ രാത്രി ട്വീറ്റിട്ട ശേഷമായിരുന്നു അദ്ദേഹം അക്കൗണ്ട് ഡിലീറ്റ് ചെയ്തത്.
രാത്രി ഏഴരയോടെയായിരുന്നു അദ്ദേഹം രണ്ട് ട്വീറ്റുകളിട്ടത്. അതില്‍ പറയുന്നതിങ്ങനെ-
‘എപ്പോഴാണോ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് കോളുകള്‍ ലഭിക്കുന്നത്, മകള്‍ക്ക് ഓണ്‍ലൈന്‍ വഴി ഭീഷണിയുണ്ടാവുന്നത്, അപ്പോള്‍ നിങ്ങള്‍ക്കറിയാന്‍ സാധിക്കും, ആരും സംസാരിക്കാന്‍ പാടില്ലെന്ന്. അതിനൊരു കാരണമോ യുക്തിയോ ഉണ്ടാകില്ല.
ക്രിമിനലുകള്‍ ഭരിക്കുകയും ക്രിമിനലിസം പുതിയ ജീവിതമാര്‍ഗമാവുകയും ചെയ്യും. ഈ പുതിയ ഇന്ത്യയിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. നിങ്ങള്‍ തഴച്ചുവളരുമെന്നു ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് എല്ലാവിധ സന്തോഷവും വിജയവും നേരുന്നു.
ഇത് ട്വിറ്ററിലെ എന്റെ അവസാന ട്വീറ്റാണ്. മനസ്സില്‍ ഭയമില്ലാതെ സംസാരിക്കാന്‍ എനിക്കെപ്പോഴാണോ സാധിക്കാതെ വരുന്നത്, അപ്പോള്‍ ഞാന്‍ സംസാരിക്കുന്നതു നിര്‍ത്തും. ഗുഡ് ബൈ.’
അനുരാഗ് അക്കൗണ്ട് ഡിലീറ്റ് ചെയ്തതില്‍ രാഹുല്‍ ഈശ്വര്‍ ഖേദം രേഖപ്പെടുത്തിയിട്ടുണ്ട്. ഭയമില്ലാതെ അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നതു ജനാധിപത്യത്തിനു നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു.
അനുരാഗുമായി 99 ശതമാനം വിഷയങ്ങളിലും തനിക്കു വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.