D' Election 2019
മകള്‍ക്ക് നേരെ മോദി ഭക്തന്റെ ഭീഷണി; ഇത്തരക്കാരെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് കൂടി പറയുവെന്ന് മോദിയോട് അനുരാഗ് കശ്യപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 23, 06:51 pm
Friday, 24th May 2019, 12:21 am

മുംബൈ: തന്റെ മകളെ ഭീഷണിപ്പെടുത്തിയ ഇത്തരം ഭക്തരെ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംവിധായകന്‍ അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ എത്തിയതിന് നിരവധി പേരാണ് മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ മോദി ഭക്തരും ആഘോഷം പൊടിപൊടിച്ചു.

ഇതിനിടെയാണ് ഒരു മോദി ഭക്തന്‍ അനുരാഗ് കശ്യപിന്റെ മകള്‍ക്ക് ഭീഷണിയുമായി രംഗത്തെത്തിയത്. മോദിക്കെതിരെ പറഞ്ഞാല്‍ അച്ഛന്‍ ഇനിയും സംസാരിച്ചാല്‍ റേപ്പ് ചെയ്യും എന്ന തരത്തിലായിരുന്നു അയാളുടെ ഭീഷണി.

തുടര്‍ന്നാണ് മോദിയോട് ട്വിറ്ററിലൂടെ അനുരാഗ് ചോദ്യമുയര്‍ത്തിയത്. താങ്കളുടെ വിജയത്തില്‍ അഭിനന്ദിക്കുന്നു കൂടെ നിങ്ങളെ എതിര്‍ക്കുന്നു എന്ന കാരണത്താല്‍ മകള്‍ക്ക് അടക്കം ഇത്തരത്തില്‍ ഭീഷണി അയക്കുന്നവരെ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും അനുരാഗ് ചോദിച്ചു.

രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കാനിരിക്കെ, താന്‍ മോശം ഉദ്ദേശ്യത്തോടെ ഒന്നും ചെയ്യില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതായി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പാര്‍ട്ടി ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.