സ്ഥിരം ബോളിവുഡ് സിനിമകളെ പൊളിച്ചെഴുതിയ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് അനുരാഗ് കശ്യപ്. ഇതുവരെ കാണാത്ത തരത്തിലുള്ള കഥപറച്ചില്‍ കൊണ്ട് ബോളിവുഡിലെ മുന്‍നിര സംവിധായകനായി മാറാന്‍ കശ്യപിന് സാധിച്ചു. ഗ്യാങ്‌സ് ഓഫ് വസേപ്പൂര്‍, ദേവ് ഡി, നോ സ്‌മോക്കിങ്, രാമന്‍ രാഘവ് 2.0 എന്നീ സിനിമകള്‍ ബോളിവുഡിലെ വന്‍ ചര്‍ച്ചാവിഷയമായ സിനിമകളായിരുന്നു. നിരവധി സിനിമകളില്‍ അഭിനേതാവായും അനുരാഗ് കഴിവ് തെളിയിച്ചു.
എന്നാല്‍ ഇപ്പോള്‍ പുതിയ പ്രഖ്യാപനവുമായി അനുരാഗ് രംഗത്തെത്തിയിരിക്കുകയാണ്. ഒരുപാട് പേര്‍ സിനിമയെപ്പറ്റി സംസാരിക്കാന്‍ തന്നെ സമീപിക്കാറുണ്ടെന്നും, എന്നാല്‍ അവരോട് സംസാരിച്ച ശേഷം സമയം കളഞ്ഞുവെന്ന് തോന്നാറുണെന്നും ഇനിമുതല്‍ അങ്ങനെയുണ്ടാകാതിരിക്കാന്‍ പുതിയൊരു തീരുമാനമെടുത്തിരിക്കുകയാണെന്നും കശ്യപ് പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘പുതുഖങ്ങളെ സഹായിക്കാന്‍ വേണ്ടി അവരുടെയൊക്കെ തട്ടിക്കൂട്ട് സ്‌ക്രിപ്റ്റുകള്‍ കേട്ട് എന്റെ ധാരാളം സമയം പാഴാക്കി. ഇനിമുതല്‍ ക്രിയേറ്റീവ് ജീനിയസുകളാണെന്ന് സ്വയം കരുതുന്ന ആളുകളെ കാണുന്നില്ല എന്ന് തീരുമാനമെടുത്തിരിക്കുകയാണ്. അതുകൊണ്ട് ഞാന്‍ എന്റെ റേറ്റ നിശ്ചയിച്ചിരിക്കുകയാണ്. 10-15 മിനിറ്റ് നേരത്തേക്ക് എന്നെ കണ്ട് സംസാരിക്കാന്‍ ആഗ്രഹമുള്ളവരില്‍ നിന്ന് ഒരു ലക്ഷം രൂപയും, 15 മിനിറ്റിന് മേലെ സംസാരിക്കാന്‍ രണ്ട് ലക്ഷവും, ഒരു മണിക്കൂര്‍ നേരത്തേക്ക് അഞ്ച് ലക്ഷവുമാണ് എന്റെ റേറ്റ്.
ആളുകളെ കണ്ട് മീറ്റ് ചെയ്ത് എന്റെ സമയം മെനക്കെടുത്തി ഞാന്‍ ടയേര്‍ഡായി. നിങ്ങള്‍ക്ക് എന്നെ അഫോര്‍ഡ് ചെയ്യാന്‍ പറ്റുമെങ്കില്‍ മാത്രം ബന്ധപ്പെടുക, അല്ലെങ്കില്‍ മാറി നില്‍ക്കുക. പൈസ മുന്‍കൂര്‍ തരണമെന്നും ഇതിന്റെ കൂടെ അറിയിക്കുന്നു,’ കശ്യപ് തന്റെ പോസ്റ്റില്‍ പറഞ്ഞു.
‘ഇതിനര്‍ത്ഥം എന്നെ വിളിക്കുകയോ എനിക്ക് മെസേജ് അയക്കുകയോ ചെയ്യരുത് എന്നല്ല. പണം നല്‍കിയാല്‍ നിങ്ങള്‍ക്ക് സമയം ലഭിക്കും. ഞാന്‍ ചാരിറ്റി നടത്തുകയല്ല, കുറുക്കുവഴി തേടുന്ന ആള്‍ക്കാരെ എനിക്ക് മടുത്തതുകാണ്ടാണ്’ എന്ന ക്യാപ്ഷനോടെയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്.
Content Highlight: Anurag Kashyap announces that he is going to charge money for meeting people