തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ചിത്രമാണ് റൈഫിള്‍ ക്ലബ്ബ്. തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് ആഷിഖ് അബു മാറി സഞ്ചരിച്ച ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്. ദിലീഷ് പോത്തന്‍, വിഷ്ണു അഗസ്ത്യ, വാണി വിശ്വനാഥ്, വിജയരാഘവന്‍ തുടങ്ങിയവര്‍ അണിനിരന്ന ചിത്രത്തില്‍ വില്ലനായി എത്തിയത് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപാണ്.
നടന്‍ എന്ന നിലയില്‍ അനുരാഗ് കശ്യപിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് റൈഫിള്‍ ക്ലബ്ബ്. മംഗലാപുരത്തെ ഡോണായ ദയാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് അവതരിപ്പിച്ചത്. ചിത്രത്തില്‍ അനുരാഗിന്റെ പ്രകടനം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. റൈഫിള്‍ ക്ലബ്ബിലേക്ക് താന്‍ എത്തിപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് അനുരാഗ് കശ്യപ്.
റിമ കല്ലിങ്കല്‍ അഭിനയിച്ച ഒരു ഷോര്‍ട് ഫിലിം താന്‍ നിര്‍മിച്ചിട്ടുണ്ടെന്നും ആഷിഖ് അബുവുമായി അങ്ങനെയാണ് പരിചയത്തിലായതെന്നും അനുരാഗ് പറഞ്ഞു. പിന്നീട് അവരെ സോഷ്യല്‍ മീഡിയയില്‍ താന്‍ ഫോളോ ചെയ്‌തെന്നും അങ്ങനെയാണ് റൈഫിള്‍ ക്ലബ്ബിന്റെ കാസ്റ്റിങ് കോളിന്റെ പോസ്റ്റര്‍ കണ്ടതെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.
അത് കണ്ടിട്ട് താന്‍ ആഷിഖ് അബുവിനോട്, മുംബൈയില്‍ നിന്നുള്ള നടന്മാരെ ആവശ്യമുണ്ടോ എന്ന് ചോദിച്ചെന്നും അങ്ങനെയാണ് താന്‍ റൈഫിള്‍ ക്ലബ്ബിലേക്ക് എത്തിയതെന്നും അനുരാഗ് പറഞ്ഞു. തന്റെ കഥാപാത്രത്തില്‍ പിന്നീട് കുറച്ച് മാറ്റങ്ങള്‍ വരുത്തിയെന്നും മംഗലാപുരം ബേസ് ചെയ്തുള്ള ഗ്യാങ്സ്റ്റര്‍ എന്ന ചിന്ത വന്നത് അങ്ങനെയാണെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു. അതിന് മുമ്പ് മലയാളിയായിട്ടുള്ള കഥാപാത്രമായിരുന്നു അതെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അനുരാഗ് കശ്യപ്.
‘റിമയുടെ ഒരു ഷോര്‍ട് ഫിലിം ഞാന്‍ നിര്‍മിച്ചിട്ടുണ്ടായിരുന്നു. അതിന്റെ സമയത്താണ് റിമയെയും ആഷിഖിനെയും പരിചയപ്പെട്ടത്. അതിന് ശേഷം ഞാന്‍ അവരെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ആഷിഖ് റൈഫിള്‍ ക്ലബ്ബിന്റെ കാസ്റ്റിങ്ങിനുള്ള പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. ആ പോസ്റ്റിന്റെ താഴെ ഞാന്‍ പോയിട്ട്, ‘ഈ സിനിമയിലേക്ക് മുംബൈയില്‍ നിന്ന് ഏതെങ്കിലും നടന്മാരെ ആവശ്യമുണ്ടോ’ എന്ന് ചോദിച്ചു.
ഞാന്‍ ആ സമയത്ത് വെറുതേ ചോദിച്ചതാ. പക്ഷേ അവരത് സീരിയസായി എടുത്തു. അങ്ങനെയാണ് ഞാന്‍ റൈഫിള്‍ ക്ലബ്ബിന്റെ ഭാഗമായത്. എനിക്ക് വേണ്ടി അവര്‍ സ്‌ക്രിപ്റ്റില്‍ കുറച്ച് മാറ്റം വരുത്തി. ദയാനന്ദന്‍ മംഗലാപുരത്തെ ഗ്യാങ്സ്റ്ററായി മാറിയത് അങ്ങനെയാണ്. എനിക്ക് മുമ്പ് മലയാളത്തിലെ ഒരു നടനായിരുന്നു ആ റോള്‍ ചെയ്യേണ്ടിയിരുന്നത്. പക്ഷേ, കറങ്ങിത്തിരിഞ്ഞ് അത് എന്റെയടുത്തെത്തി,’ അനുരാഗ് കശ്യപ് പറയുന്നു.
Content Highlight: Anurag Kashyap about how he landed on Rifle Club movie