| Saturday, 11th March 2023, 12:58 pm

രാജ്യം ഏകാധിപത്യത്തിന്റെ പാതയില്‍; കശ്മീര്‍ ടൈംസിന്റെ നിരോധനം മോദിയെ വിമര്‍ശിച്ചതിന്റെ ശിക്ഷ: അനുരാധ ഭാസിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ വിമര്‍ശിച്ചതിനാണ് കശ്മീര്‍ ടൈംസിന്റെ ശ്രീ നഗര്‍ ഓഫീസ് കേന്ദ്ര സര്‍ക്കാര്‍ അടച്ച് പൂട്ടിയതെന്ന് പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍.

ബി.ജെ.പി ഗവണ്‍മെന്റ് അധികാരത്തിലേറിയതിന് ശേഷം കശ്മീരിലെ മാധ്യമ മേഖലയെ തകര്‍ക്കാനും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുമാണ് ശ്രമിച്ചിട്ടുള്ളതെന്നും അവര്‍ കുറ്റപ്പെടുത്തി. ദി ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലാണ് ആരോപണവുമായി അനുരാധ ഭാസിന്‍ രംഗത്തെത്തിയത്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വ്യാപകമായെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കേന്ദ്ര ഏജന്‍സികള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു. മോദി ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടത്തുന്നതെന്നും കോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാനുള്ള ശ്രമങ്ങളുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

‘കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദുത്വ ആശയങ്ങള്‍ മുസ്‌ലിങ്ങളടക്കമുള്ള മറ്റ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിക്കാന്‍ കാരണമായി. മാത്രമല്ല ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിനും ഭീഷണിയുയര്‍ത്തുന്ന സമീപനമാണ് കണ്ടുവരുന്നത്. മോദി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ കശ്മീരി മാധ്യമ മേഖലയെ തന്നെ താറുമാറാക്കി. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയും മറ്റ് സ്ഥാപനങ്ങളെ സര്‍ക്കാര്‍ മുഖപത്രങ്ങളാക്കി മാറ്റുകയും ചെയ്തു. സര്‍ക്കാരിനെതിരെ ചോദ്യം ചോദിച്ച സ്ഥാപനങ്ങള്‍ക്കെതിരെ ഭീകരവാദ കുറ്റവും വിഘടന വാദക്കുറ്റവും ചുമത്തി അറസ്റ്റ് ചെയ്യുകയാണ്.

2021 ഒക്ടോബറിലാണ് ജോലി നടന്ന് കൊണ്ടിരിക്കെ പൊലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ജീവനക്കാരെ പുറത്താക്കി കശ്മീര്‍ ടൈംസിന്റെ ശ്രീ നഗര്‍ ഓഫീസ് അടച്ച് പൂട്ടിയത്. മോദിയുടെ നയങ്ങളെ വിമര്‍ശിച്ച് ചോദ്യങ്ങള്‍ ചോദിച്ചതാണ് ഞങ്ങള്‍ ചെയ്ത കുറ്റം. ഏകാധിപത്യത്തിലേക്കുള്ള പാതയിലാണ് രാജ്യമിപ്പോള്‍.

അഭിപ്രായ സ്വാതന്ത്ര്യത്തെ പിടിച്ച് കെട്ടുന്ന കശ്മീര്‍ മാതൃക രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതില്‍ മോദി വിജയിക്കുന്നുണ്ട്. മാധ്യമസ്വാതന്ത്ര്യത്തെ മാത്രമല്ല ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുന്ന നടപടിയാണിത്,’ അനുരാധ ഭാസിന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതി.

ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച അനുരാധയുടെ ലേഖനത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ രംഗത്തെത്തിയിരുന്നു. നിഷ്പക്ഷതയുടെ എല്ലാ മാനങ്ങളും തള്ളിക്കൊണ്ടാണ് ന്യൂയോര്‍ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചതെന്നും റിപ്പോര്‍ട്ടിലൂടെ ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളെയും മൂല്യങ്ങളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Anuradha basin write an article in newyork times

We use cookies to give you the best possible experience. Learn more