| Wednesday, 2nd August 2023, 8:33 pm

താനൂര്‍ കസ്റ്റഡി മരണം; എട്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എട്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. താനൂര്‍ പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാരെയും പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടേതാണ് ഉത്തരവ്.

കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന് കേസില്‍ തിരൂരങ്ങാടി സ്വദേശിയായ താമിര്‍ ജിഫ്രിയെന്ന എന്ന യുവാവിനെ കസറ്റഡിയില്‍ എടുക്കുന്നത്. പുലര്‍ച്ചയോട് കൂടിയായിരുന്നു കസ്റ്റഡിയിലിരിക്കെ മരണം സംഭവിച്ചത്. സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ കുഴഞ്ഞു വീഴുകയും ഉടനെ ആശുപത്രിയിലെത്തിച്ചെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ കസ്റ്റഡിയിലിരിക്കെ മരിച്ചതിന് ശേഷമാണ് ആശുപത്രിയിലേക്ക് എത്തിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഫ്രിക്ക് മര്‍ദനമേറ്റതായി പ്രാഥമികമായി കണ്ടെത്തിയിരുന്നു. മുതുകിന്റെ ഭാഗത്തും കാലിന്റെ പിന്‍ഭാഗത്തും മര്‍ദനമേറ്റ ക്ഷതങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയാണോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. രാസപരിശോധന ഫലം വന്നാലേ ഇവ സ്ഥിരീകരിക്കാന്‍ സാധിക്കൂ. ഇയാളുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് എം.ഡി.എം.എ. ആണെന്നാണ് സംശയം.

Content Highlight: Tanur custody death; 8 police suspended

We use cookies to give you the best possible experience. Learn more