തിരുവനന്തപുരം: തന്റെ മകനെ മൂന്ന് മാസത്തോളം സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്രയിലെ ദമ്പതിമാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കുഞ്ഞിനെ വന്ന് കാണാമെന്ന് അനുപമ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അനുപമയുടെ പ്രതികരണം.
ആന്ധ്രയിലെ ദമ്പതിമാര്‍ക്ക് നീതി കിട്ടണമെന്നും അനുപമ പറഞ്ഞു.
‘അവരോട് (ദമ്പതിമാരോട്) തെറ്റ് ചെയ്തത് ഞാനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെ പേരില്‍ അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുത്,’ അനുപമ കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിനെ കയ്യിലേക്ക് ലഭിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത സന്തോഷമായിരുന്നുവെന്നും അനുപമ പറഞ്ഞു.
കുഞ്ഞിനെ തിരികെ കിട്ടിയതോടെ അനുപമ ഇപ്പോഴത്തെ സമരം അവസാനിപ്പിച്ചേക്കും. എന്നാല്‍ സമര രീതി മാറ്റി കേസിലെ കുറ്റക്കാര്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നാണ് അറിയുന്നത്.
ഒക്ടോബര്‍ 14 നാണ് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം പുറത്തായത്. തന്റെ വീട്ടുകാര്‍ തന്നെയാണ് കുഞ്ഞിനെ മാറ്റിയതെന്നാണ് അനുപമ പറയുന്നത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും പ്രതിക്കൂട്ടിലായിരുന്നു. തുടര്‍ന്ന് ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു.