തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങി അനുപമ. നീതി തേടിയാണ് അനുപമ സെക്രട്ടറിയേറ്റിന് മുന്‍പില്‍ പ്രത്യക്ഷ സമരം തുടങ്ങിയത്.
‘ അനുപമ അമ്മയാണ്. ഈ അമ്മ പ്രസവിച്ച കുഞ്ഞെവിടെ, ആര്‍ക്കാണ് വിറ്റത്’ എന്നെഴുതിയ ബാനര്‍ പിടിച്ചാണ് അനുപമയുടെ നിരാഹാരം.
അമ്മയെന്ന പരിഗണന തനിക്ക് കിട്ടിയില്ലെന്നും നീതി വേണമെന്നും അനുപമ പ്രതികരിച്ചു. നേരത്തെ അവഗണിച്ചവരാണ് ഇപ്പോള്‍ ഇടപെടുന്നതെന്നും കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷ നല്‍കിയത് ഇപ്പോള്‍ മാത്രമാണെന്നും അനുപമ പറഞ്ഞു.
വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ അറിയിച്ചിട്ടുണ്ട്. കുട്ടിയെ നഷ്ടമായി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്ന് അനുപമ പറഞ്ഞു.
വനിതാ കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തന്റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തില്‍ സി.പി.ഐ.എം നേതാക്കളുടെ ഇടപെടലുണ്ടെന്നുമാണ് അനുപമ ആരോപിക്കുന്നത്.
അതേസമയം അനുപമയ്ക്ക് നിയമപരമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് സി.പി.ഐ.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. വിഷയത്തില്‍ ബന്ധപ്പെട്ട മന്ത്രി തന്നെ അവരുമായി സംസാരിച്ചിട്ടുണ്ടെന്നും കുഞ്ഞിനെ അമ്മയ്ക്ക് കിട്ടുക എന്നത് അവരുടെ അവകാശമാണെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അമ്മയ്ക്ക് അനുയോജ്യമായ തരത്തില്‍ നീതി ലഭിക്കേണ്ടതുണ്ട്. സ്വാഭാവികമായിട്ടും അത് നിയമപരമായിട്ട് മാത്രമേ പരിഹരിക്കാന്‍ കഴിയുകയുള്ളൂ. പാര്‍ട്ടിയെന്ന നിലയില്‍ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല. അതിനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അധികൃതരുടെ അനുകൂലമായ ഇടപെടലും അക്കാര്യത്തില്‍ ഉണ്ട്. ഒരു തരത്തിലുള്ള തെറ്റിനേയും സി.പി.ഐ.എം പിന്താങ്ങില്ല. തെറ്റായ ഒരു നിലപാടിനേയോ നടപടികളെയോ സി.പി.ഐ.എം പിന്താങ്ങാറില്ല. ഇവിടേയും ആ അമ്മയ്ക്ക് കുഞ്ഞിനെ കിട്ടുക എന്നതിന് ആവശ്യമായ നിയമപരമായ സഹായങ്ങള്‍ നല്‍കുക എന്നതാണ് തീരുമാനം.
പാര്‍ട്ടിയെ കുറ്റപ്പെടുത്തേണ്ട ഒരു വിഷയമല്ല ഇത്. പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അന്വേഷിച്ചിട്ടുണ്ട്. പക്ഷേ ഇത് പാര്‍ട്ടിയുടെ പരിധിയില്‍ വരുന്ന വിഷയമല്ല നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണെന്നും വിജയരാഘവന്‍ പറഞ്ഞു.
അതേസമയം അനുപമയെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. വീഴ്ചകളില്‍ നടപടിയുണ്ടാകുമെന്ന് വീണ ജോര്‍ജ് ഉറപ്പു നല്‍കിയതായി അനുപമ അറിയിച്ചു. സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം തുടങ്ങാനിരിക്കെയാണ് അനുപമയെ മന്ത്രി ഫോണില്‍ ബന്ധപ്പെട്ടത്.
അതേസമയം സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സി.ഡബ്ള്യു.സി ചെയര്‍പേഴ്സന്റെ വാദവും ഇന്നലെ മന്ത്രി തള്ളിയിരുന്നു.
പൊലീസ് ശിശുക്ഷേമ സമിതിയില്‍ വിവരങ്ങള്‍ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന മറുപടിയാണ് സമിതി നല്‍കിയത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നാണ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Anupama Secreteriat Strike