തിരുവനന്തപുരം: നഷ്ടപ്പെട്ട തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടുന്നതിന് വേണ്ടി ശ്രീമതി ടീച്ചര്‍ പറ്റാവുന്ന തരത്തിലെല്ലാം സഹായിച്ചുവെന്ന് അനുപമ. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലായിരുന്നു അനുപമയുടെ പ്രതികരണം.
ശ്രീമതി ടീച്ചറാണ് വിജയരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ പറഞ്ഞെതെന്നും പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഈ വിഷയം ടീച്ചര്‍ ഉന്നയിക്കുമെന്ന് ഉറപ്പ് പറഞ്ഞതായും അനുപമ പറയുന്നു.
അതേസമയം, സി.പി.ഐ.എം ഇപ്പോള്‍ നല്‍കുന്ന പിന്തുണയെ വിശ്വസിക്കുന്നില്ലെന്നും, പാര്‍ട്ടിയുടെ ഇനിയുള്ള പ്രവൃത്തികള്‍ അടിസ്ഥാനമാക്കിയേ വിശ്വസിക്കാന്‍ സാധിക്കൂവെന്നും അനുപമ പറഞ്ഞു.
തന്റെ അച്ഛനും അമ്മയും ഇപ്പോഴും പാര്‍ട്ടി സ്ഥാനങ്ങളില്‍ തുടരുന്നുണ്ടെന്നും, തനിക്ക് പിന്തുണ നല്‍കുന്നുണ്ടെങ്കില്‍ അവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും അല്ലാത്ത പക്ഷം അവര്‍ പാര്‍ട്ടിയില്‍ തങ്ങളുടെ അധികാരം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അനുപമ പറഞ്ഞു.
കുഞ്ഞിനെ വീണ്ടുകിട്ടണമെന്ന അമുപമയുടെ പരാതി പരിഹരിക്കാന്‍ സാധിക്കാത്തതില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞിരുന്നു.
അനുപമയുടെ പരാതി അറിഞ്ഞത് വൃന്ദ കാരാട്ടിലൂടെയാണ്. വീണ്ടും പരാതി നല്‍കണമെന്ന് അനുപമയോടു നിര്‍ദേശിച്ചിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണനെ സമീപിക്കണമെന്നും നിര്‍ദേശിച്ചിരുന്നതായും ശ്രീമതി ടീച്ചര്‍ പറഞ്ഞു.
പാര്‍ട്ടിയിലെ വനിതാ നേതാക്കളെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും ഇക്കാര്യം താന്‍ അറിയിച്ചിരുന്നുവെന്നും പരാതി പരിഹരിക്കാന്‍ കഴിയാതിരുന്നത് തന്റെ പരാജയമാണെന്നുമായിരുന്നു ശ്രീമതി ടീച്ചര്‍ പറഞ്ഞത്.