| Wednesday, 21st September 2022, 8:55 am

ടാലന്റുള്ളവരെ മലയാള സിനിമ സപ്പോര്‍ട്ട് ചെയ്യും, എനിക്ക് അതിനുള്ള അവസരം കിട്ടിയിട്ടില്ല: അനുപമ പരമേശ്വരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ അഭിനേത്രിയാണ് അനുപമ പരമേശ്വരന്‍. ചിത്രത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായാണ് അനുപമ അഭിനയിച്ചത്. സിനിമയില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും അനുപമയ്ക്ക് ആരാധകര്‍ ഏറെയുണ്ട്.

തന്നെ ആരും തഴയുന്നത് അല്ല മലയാളത്തില്‍ സജീവമാകാത്തതിന് കാരണമെന്നും കഴിവുള്ളവരെ മലയാള സിനിമ എന്നും സപ്പോര്‍ട്ട് ചെയ്യാറുണ്ടെന്ന് കാര്‍ത്തികേയ 2 എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റില്‍ അനുപമ പറഞ്ഞു.

”തഴയുന്ന പോലെ ഒന്നും തോന്നിയിട്ടില്ല, കാരണം ‘പ്രേമം’ ഇറങ്ങിയ സമയത്ത് എന്നെ ഒരുപാട് സ്നേഹിച്ചതാണ് മലയാളി പ്രേക്ഷകര്‍. സിനിമാ രംഗത്ത് നിന്ന് വരെ ആ സ്നേഹം എനിക്ക് ലഭിച്ചതാണ്. മുടിയുള്ള കുട്ടി എന്ന രീതിയിലൊക്കെ എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു. പക്ഷേ ഞാന്‍ പ്രേമം സിനിമയില്‍ കുറച്ച് ഭാഗത്തെ വരുന്നുള്ളു, അത് കൊണ്ട് എന്തിനാണ് ഇത്ര പ്രൊമോഷന്‍ ഒക്കെ കൊടുക്കുന്നത് എന്ന രീതിയില്‍ എല്ലാവരും ചിന്തിച്ച് കാണും. അങ്ങനെ ചിന്തിച്ചവരെ കുറ്റം പറയാനും പറ്റില്ല.

പിന്നെ ആ സമയത്ത് എനിക്ക് ആളുകളോട് എന്താണ് സംസാരിക്കേണ്ടത്, എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന് പോലും അറിയില്ല. ഇപ്പോള്‍ കുറച്ച് ഫില്‍ട്ടര്‍ ചെയ്ത് സംസാരിക്കും , അന്ന് ഞാന്‍ ഒരു നോര്‍മല്‍ ഇരിഞ്ഞാലക്കുടക്കാരിയായിരുന്നു. ഇപ്പോള്‍ അതില്‍ നിന്ന് ഒക്കെ മാറ്റം വന്നിട്ടുണ്ട് കുറച്ച് ഇന്‍ഡസ്ട്രി അടവുകള്‍ പഠിച്ചു. അങ്ങനെ ഓരോന്ന് ഉണ്ടായി എന്നല്ലാതെ ഇന്‍ഡസ്ട്രി എന്നെ തഴയുന്ന പോലെ ഒന്നും തോന്നിയിട്ടില്ല.

നല്ല ടാലന്റ് ഉള്ളവരെ മലയാള സിനിമ എപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനുള്ള ഒരു അവസരം അല്ലെങ്കില്‍ പ്ലാറ്റ് ഫോം എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഒരു പക്ഷേ എനിക്ക് നാളെ അതിനുള്ള അവസരം കിട്ടിയാല്‍ എന്നെ അഭിനന്ദിക്കുമായിരിക്കും,” അനുപമ പറഞ്ഞു.

കൂടാതെ ഭാവിയില്‍ താന്‍ ഒരു സംവിധായക ആകുമെന്ന് അനുപമ കൂട്ടിച്ചേര്‍ത്തു. ” മണിയറയിലെ അശോകനില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. സംവിധാനം എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്, പക്ഷേ ഞാന്‍ അതിന് മാത്രം ഇപ്പോള്‍ വളര്‍ന്നിട്ടില്ല. അത് എനിക്ക് മനസ്സിലായത് അസിസ്റ്റന്റ ആയി വര്‍ക്ക് ചെയ്തപ്പോഴാണ്.

ദുല്‍ഖര്‍ എന്റെ അടുത്ത സുഹൃത്താണ്. ഞാന്‍ എപ്പോഴോ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് എനിക്ക് അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യണമെന്ന് കാരണം അപ്പോള്‍ എനിക്ക് കുറച്ച് കൂടെ സിനിമയെക്കുറിച്ച് പഠിക്കാം. അദ്ദേഹം അത് സീരിയസായി എടുത്ത് മണിയറയിലെ അശോകന്‍ തുടങ്ങിയപ്പോള്‍ എന്നെ വിളിച്ചു.

അങ്ങനെയാണ് 56 ദിവസം ഞാന്‍ വര്‍ക്ക് ചെയ്തത്. പക്ഷേ എനിക്ക് തോന്നുന്നു, എന്റെ ഏറ്റവും ബെസ്റ്റ് 56 ദിവസം അതായിരുന്നു, കാരണം ഒരു നടി എന്ന രീതിയില്‍ ഞാന്‍ കുറേ കാര്യങ്ങള്‍ പഠിച്ചത് അവിടെ നിന്നാണ്. അങ്ങനെ ഒരു അവസരം എനിക്ക് തന്നതിന് ഞാന്‍ ദുല്‍ക്കറിനോട് നന്ദി പറയുകയാണ്. ചിലപ്പോള്‍ ഒരുപാട് കാലത്തിന് ശേഷം നല്ല ഡയറക്ടേഴ്സിനെ അസിസ്റ്റ് ചെയ്ത് ഒരുപക്ഷേ ഞാനുമൊരു ഡയറക്ടറാകും,” അനുപമ പരമേശ്വരന്‍ പറഞ്ഞു.

ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ , മണിയറയിലെ അശോകന്‍, കുറുപ്പ്  എന്നിവയാണ് അനുപമ മലയാളത്തില്‍ അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.

Content Highlight: Anupama Parameswaran replies why she is not active in Malayalam Films

We use cookies to give you the best possible experience. Learn more