മേരി ജോര്‍ജിനെ തേച്ചതുപോലെ ജീവിതത്തിലും തേച്ച അനുഭവങ്ങളുണ്ട്: അനുപമ പരമേശ്വരന്‍
Mollywood
മേരി ജോര്‍ജിനെ തേച്ചതുപോലെ ജീവിതത്തിലും തേച്ച അനുഭവങ്ങളുണ്ട്: അനുപമ പരമേശ്വരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th December 2017, 2:45 pm

കൊച്ചി: അള്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ നായികയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലെ മേരി ജോര്‍ജ്ജിലൂടെ മലയാളികളുടെ ഹൃദയത്തില്‍ മാത്രമായിരുന്നില്ല അനുപമ സ്ഥാനമുറപ്പിച്ചത്. ചിത്രത്തിലെ മേരിയിലൂടെ തെലുങ്ക് സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ് അനുപമ മാറിയത്.

തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായി മാറിയ താരം തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒടുവില്‍ മനസ് തുറന്നിരിക്കുകയാണ്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമ തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് പറഞ്ഞത്.

കുറെപ്പേര്‍ സിനിമയില്‍ വരാനായി കഷ്ടപ്പെടുന്നുണ്ട്. പക്ഷേ ചിലര്‍ക്ക് അത്രയൊന്നും മെനക്കെടേണ്ടി വരില്ല. താനൊരിക്കലും സിനിമയിലെത്തുമെന്ന് വിചാരിച്ചിരുന്നില്ല. പ്രതീക്ഷിക്കാതെ ജീവിതത്തിലൊരു മിറാക്കിള്‍ ഉണ്ടാവുകയായിരുന്നു.” താരം പറഞ്ഞു.

പ്രേമം സിനിമയിലെ തന്റെ കഥാപാത്രത്തെപോലെ പല അനുഭവങ്ങളും ജീവിതത്തിലുണ്ടായെന്നു പറയുന്ന അനുപമ പെണ്‍കുട്ടികള്‍ക്ക് തേപ്പുകാരി എന്ന പേരു വീഴുന്നതെങ്ങിനെയാണെന്നും അഭിമുഖത്തില്‍ പറയുന്നു.

“പ്രേമത്തിലെ മേരി ജോര്‍ജിനെ തേച്ചുപോയതാണ്. അതുപോലെ ജീവിതത്തിലും തേച്ച അനുഭവങ്ങളുമുണ്ട്. കുറെ പിള്ളേര്‍ നമ്മുടെ പിന്നാലെ നടക്കും. പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല. അപ്പോ അവരുടെ ഭാഷയില്‍ നമ്മള്‍ തേച്ചു എന്ന് കഥയുണ്ടാക്കും. ഒരാണ്‍കുട്ടിയോട് ഫ്രണ്ട്‌ലിയായി നിന്നാല്‍ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും വീഴും” അനുപമ പറയുന്നു.

അല്‍ഫോണ്‍സിലൂടെ സിനിമാ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും താരം മനസ് തുറന്നു. “എന്റെ ജീവിതത്തെ മാറ്റിത്തീര്‍ത്തത് അല്‍ഫോണ്‍സാണ്. ഒരുപാട് പെണ്‍കുട്ടികള്‍ക്കിടയില്‍നിന്ന് എന്നെ സിനിമയ്ക്ക് പറ്റിയ ഒരാളായി അദ്ദേഹത്തിന് തോന്നി. ആ ഒരു നിമിഷമാവും ദൈവം എന്നിലേക്ക് ഭാഗ്യം ചൊരിഞ്ഞത്. തെലുങ്കര്‍ക്ക് ഭയങ്കര സനേഹമാണ്. സ്ത്രീകളെ അവര്‍ ബഹുമാനിക്കുന്നു. സ്വന്തം വീട്ടിലെ കുട്ടിയെന്നൊരു പരിഗണന തരുന്നു. പലരും എന്നെ പൊട്ടി എന്നാണ് വിളിക്കുന്നത്. പൊക്കം കുറഞ്ഞ കുട്ടി എന്നുള്ള സ്‌നേഹത്തിന്റെ വിളി. “ആ ആ” എന്ന സിനിമയില്‍ എന്റേത് കുറച്ച് നെഗറ്റീവായ കഥാപാത്രമാണ്.” അനുപമ പറഞ്ഞു.

ആ പടം വിജയമായി. ആഘോഷം കഴിഞ്ഞ് മടങ്ങുന്ന വഴിക്ക് കുറെപ്പേര്‍ ബൈക്കില്‍ ഞങ്ങളെ പിന്തുടര്‍ന്നു. അവര്‍ ഭയങ്കര സ്പീഡില്‍ വണ്ടി ഓടിക്കുന്നു. ഞാന്‍ വണ്ടി നിര്‍ത്തി. ഗ്ലാസ് തുറന്നതും ഒരു കൊച്ചുകുട്ടി വന്ന് എന്റെ രണ്ട് കവിളിലും പിടിച്ച് ഒരുമ്മ. എന്നിട്ട് അവന്‍ നാണത്തോടെ എങ്ങോ മറഞ്ഞു. എനിക്ക് കിട്ടിയ വലിയ സമ്മാനമായിരുന്നു ആ ഉമ്മയെന്ന് അനുപമ പറയുന്നു.