| Friday, 22nd October 2021, 9:59 pm

കുഞ്ഞിനെ തിരികെ വേണം; അനുപമ നിരാഹാരത്തിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. ശനിയാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി.

വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ അറിയിച്ചു. കുട്ടിയെ നഷ്ടമായി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞു.

വനിതാ കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. തന്റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തില്‍ സി.പി.ഐ.എം നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകയായ അനുപമ ആരോപിക്കുന്നത്.

ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും അനുപമ പറയുന്നു.

അതേസമയം സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സി.ഡബ്‌ള്യു.സി ചെയര്‍പേഴ്‌സന്റെ വാദം മന്ത്രി തള്ളി.

പൊലീസ് ശിശുക്ഷേമ സമിതിയില്‍ വിവരങ്ങള്‍ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നല്‍കി. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നാണ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Anupama move to Fast Strike

We use cookies to give you the best possible experience. Learn more