| Tuesday, 26th November 2024, 12:46 pm

സൂക്ഷ്മദര്‍ശനം അഥവാ ഒളിഞ്ഞുനോട്ടം

അനുപമ മോഹന്‍

Spoiler alert

‘അയാള്‍ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം മറവിരോഗമുള്ള അമ്മക്കൊപ്പം നാട്ടിലേക്ക് തിരിച്ചുവരികയാണ്. മുറ്റത്ത് വീട്ടുസാധനങ്ങള്‍ കയറ്റിക്കൊണ്ടുവന്ന വണ്ടി കിടക്കുന്നുണ്ട്. പറമ്പില്‍, ശ്രദ്ധിച്ച് വായിക്കണം, അയാളുടെ സ്വന്തം പറമ്പില്‍ വിലസിക്കൊണ്ടിരിക്കുന്ന ഒരു പൂച്ചയുടെ തലമണ്ട നോക്കി അയാള്‍ ഒരു കല്ലെടുത്ത് എറിയുന്നു.’

ഇങ്ങനെയൊരു സീന്‍ നമ്മുടെ അയല്‍പക്കത്ത് നടക്കുകയാണെങ്കില്‍ അങ്ങോട്ട് നോക്കുന്നത് സ്വാഭാവികം. തീര്‍ത്തും സ്വാഭാവികം. എന്നാല്‍ ഇതൊരു പതിവ് നോട്ടമായാലോ?

അയല്‍പക്കക്കാരായ പ്രിയദര്‍ശിനിക്കും (നസ്രിയ) മാനുവലിനും (ബേസില്‍) ഇടയിലാണ് സൂക്ഷ്മദര്‍ശിനിയുടെ കഥ നടക്കുന്നത്. ഗംഭീരമെന്ന് പറയാവുന്ന വേറെയും കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്. പക്ഷെ നമുക്ക് പ്രിയദര്‍ശിനിയിലേക്കും അവളുടെ ഒളിഞ്ഞുനോട്ടത്തിലേക്കും തിരിച്ചുവരാം.

പ്രിയദര്‍ശിനിയുടെ സൂക്ഷ്മത സിനിമയുടെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഭര്‍ത്താവും കുഞ്ഞുമായി സന്തുഷ്ടജീവിതം നയിക്കുന്ന നായിക. അവള്‍ക്ക് അവളുടെ സ്വന്തം കാര്യങ്ങളിലും അവളുടെ വീടിനകത്തെ കാര്യങ്ങളിലും സൂക്ഷ്മത കാണിക്കാം. പക്ഷെ ആ സൂക്ഷ്മത അയല്‍പക്കകാരന്റെ ജനലിനുള്ളിലേക്കും മതിലുചാടി വീടിനുള്ളിലേക്കും ഉപയോഗിക്കുന്നിടത്താണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

മതിലുകള്‍ അതിരുകള്‍ തന്നെയാണ്, പറമ്പുകള്‍ക്കിടയിലും മനുഷ്യര്‍ക്കിടയിലും. അത് ഭേദിച്ച് ഷെര്‍ലക് ഹോംസ് കളിക്കുന്നത് നമ്മുടെയൊക്കെ നാട്ടില്‍ കണ്ടുപരിചയമുള്ള ചില അമ്മാവന്മാരും ആന്റിമാരും പതിവായി ചെയ്യുന്നതാണ്. അവരോട് സ്വകാര്യതയെ കുറിച്ച് പറഞ്ഞാല്‍ മനസിലാകണമെന്നില്ല, പക്ഷെ പ്രിയദര്‍ശിനി മനസിലാക്കണം. കാരണം അവള്‍ വിദ്യാഭ്യാസമുള്ള, ലോകവിവരമുള്ള ചെറുപ്പക്കാരിയാണ്.

മാനുവല്‍ ഒരു പൂച്ചയെ കല്ലെറിഞ്ഞത് കൊണ്ടോ ഒരു ഉടുമ്പിനെ തല്ലിക്കൊന്നത് കൊണ്ടോ അയാളുടെ സ്വകാര്യതയിലേക്ക് ഇടിച്ചുകേറാനുള്ള അധികാരം പ്രിയദര്‍ശിനി കാണിക്കേണ്ടതില്ല. ഇനി ഈ ഒളിഞ്ഞുനോട്ടം കൊണ്ടല്ലേ ഇത്രയും വലിയൊരു ക്രൈം കണ്ടുപിടിച്ചതെന്ന ന്യായീകരണം നിരത്തിയാല്‍, ഒന്ന് ഓര്‍ത്തുനോക്കൂ…

നിങ്ങള്‍ സ്വകാര്യതയും സുരക്ഷയും ഉണ്ടെന്ന് കരുതി ഒരിടത്ത് സ്വസ്ഥമായി ജീവിക്കുന്നു. നിങ്ങള്‍ പോലും അറിയാതെ അപ്പുറത്തെ വീട്ടിലെ ഒരാള്‍ നിങ്ങളെ സദാസമയവും ഒളിഞ്ഞുനോക്കുന്നു. അയാളുടെ വീടിന്റെ സകലമൂലയിലും നിങ്ങളെ നിരീക്ഷിക്കാനായി രണ്ടുകണ്ണുകള്‍.

നിങ്ങള്‍ വീട്ടില്‍ നിന്നിറങ്ങുന്ന സമയം, വീട്ടില്‍ തിരിച്ചെത്തുന്ന സമയം, എന്തിനേറെ നിങ്ങളുടെ വീട്ടിലെ കുക്കര്‍ വിസിലിന്റെ എണ്ണം വരെ അയാള്‍ നിരീക്ഷിക്കുന്നുണ്ടെങ്കിലോ… ഇതിനേക്കാള്‍ ഭയാനകമായ അവസ്ഥ വേറെയുണ്ടോ.

സൂക്ഷ്മദര്‍ശിനിയില്‍ ഒളിഞ്ഞുനോക്കുന്നത് സ്ത്രീയായത് കൊണ്ടും ഒളിഞ്ഞുനോട്ടത്തിന് ഇരയാവുന്നത് പുരുഷനായതുകൊണ്ടും ചിലപ്പോള്‍ ഇത് നിസ്സാരമായി ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. ഇത് തിരിച്ചൊന്ന് ഓര്‍ത്തുനോക്കൂ…

സദാസമയവും ഒളിക്കണ്ണുമായി നടക്കുന്നത് പുരുഷനും ആ കണ്ണുകള്‍ ചെന്നുതറയ്ക്കുന്നത് സ്ത്രീയിലേക്കുമാണെങ്കിലോ?

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ചില തമാശകള്‍ ഇന്ന് നമുക്ക് തമാശകളായി തോന്നാത്തത് ഈ കാരണം കൊണ്ട് കൂടിയല്ലേ. ആണുങ്ങളുടെ ഒരു കൂട്ടം ആ സ്ത്രീയുടെ വീടിനകത്തേക്ക് കണ്ണും നട്ടിരിക്കുന്നത് ശരിയല്ലെന്നുള്ള ചര്‍ച്ചകള്‍ ഇന്ന് നമ്മള്‍ നടത്തുന്നില്ലേ, ഇതേ തെറ്റ് തന്നെയല്ലേ പ്രിയദര്‍ശിനിയും കൂട്ടുകാരും ചെയ്യുന്നത്.

അവളും അവളുടെ കൂട്ടുകാരികളും വേറെ ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ മാനുവലിനെയും ആ വീടിനെയും നിരീക്ഷിക്കുകയല്ലേ. പല പല കള്ളത്തരങ്ങളിലൂടെ ആ വീടിനകത്തേക്ക് പ്രവേശിക്കുകയല്ലേ.

ഒളിഞ്ഞുനോട്ടം ഒരു മഹാസംഭവമായി ചിത്രീകരിക്കുന്നതിന് പകരം അതിന്റെ നെഗറ്റീവ് വശങ്ങള്‍ കൂടെ കാണിക്കത്തക്ക രീതിയിലായിരുന്നു നസ്രിയയുടെ കഥാപാത്രത്തെ നിര്‍മിക്കേണ്ടിയിരുന്നത്. മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടം തെറ്റാണെന്ന് സിനിമയില്‍ എവിടേയും ഒരിക്കല്‍ പോലും പറയുന്നില്ല.

സ്ഥിരമായി ഒരാളുടെ വീട്ടിലേക്കും പരിസരത്തേക്കും കണ്ണുംനട്ടിരിക്കുന്ന അയല്‍പക്കക്കാര്‍ അത്ര സുഖകരമായ ഒരു കാഴ്ചയല്ല. നിങ്ങളുടെ നോട്ടം മറ്റൊരാളുടെ സ്വകാര്യതയെ ശല്യം ചെയ്യുന്നിടത്തോളം ഇത് പ്രോത്സാഹിപ്പിക്കേണ്ട ഒന്നല്ല. എന്നാല്‍ ഈ ഒളിഞ്ഞുനോട്ടത്തിന്റെ ആകെമൊത്തം ആഘോഷമാണ് സൂക്ഷ്മദര്‍ശിനി.

Content highlight: Anupama Mohan writes about Sookhsma Darshini movie

അനുപമ മോഹന്‍

We use cookies to give you the best possible experience. Learn more