നടപടിയെടുത്തില്ലെങ്കില്‍ വീണ ജോര്‍ജിന് മന്ത്രി സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ല; കേസിനെ അട്ടിമറിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അനുപമ
Kerala News
നടപടിയെടുത്തില്ലെങ്കില്‍ വീണ ജോര്‍ജിന് മന്ത്രി സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ല; കേസിനെ അട്ടിമറിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അനുപമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th December 2021, 6:37 pm

തുരുവനന്തപുരം: കുട്ടിയെ കടത്തിക്കൊണ്ടുപോയി ദത്ത് നല്‍കിയ കേസില്‍ ശിശുക്ഷേമ സമിതി കോടതിയെ തെറ്റിധരിപ്പിച്ചുവെന്ന് അനുപമ. കുറ്റക്കാര്‍ക്ക് എതിരെ അന്വേഷണം നടക്കുന്നില്ലെന്ന് അനുപമ ആരോപിച്ചു.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസം കഴിഞ്ഞിട്ടും തന്റെ മൊഴി എടുത്തിട്ടില്ലെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ല. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ മന്ത്രി വീണ ജോര്‍ജിന് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്ന് തന്നെ പറയേണ്ടിവരുമെന്ന് അനുപമ മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.

കേസിനെ അട്ടിമറിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മന്ത്രി അറിഞ്ഞുകൊണ്ടാണ് പാര്‍ട്ടിക്ക് അനുകൂലമായ റിപ്പോര്‍ട്ടിലെ ചില ഭാഗം മാത്രം പുറത്തുവരുന്നത്. റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവന്നാല്‍ ചിലര്‍ക്കെതിരെ കേസെടുക്കേണ്ടിവരും. അതുകൊണ്ടാണ് റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്നതെന്നും അനുപമ കുറ്റപ്പെടുത്തി.

ശിശു ക്ഷേമ സമിതിയുടെ കൈയിലുള്ളത് 2017 മുതല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള 19/12/2022ല്‍ അവസാനിക്കുന്ന ഓര്‍ഫനേജ് അംഗീകാര സര്‍ട്ടിഫിക്കറ്റാണ്. ഇത് വച്ചു ദത്ത് നല്‍കാന്‍ കഴിയില്ല. ഇത് കോടതിയില്‍ സമര്‍പ്പിച്ച ഗവണ്‍മെന്റ് പ്ലീഡര്‍ കോടതിയെ മനപ്പൂര്‍വം കബളിപ്പിച്ചുവെന്നും അനുപമ ആരോപിച്ചു.

കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കും. കോടതിയെ കബളിപ്പിച്ച ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും കോടതിയെ കബളിപ്പിച്ചതില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇതുവരെ തന്റെ മൊഴിയെടുത്തിട്ടില്ല. എല്ലാത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസില്‍ കോടതി നടപടിക്ക് ശേഷം ജഡ്ജിയുടെ ചേമ്പറില്‍ വെച്ച് അനുപമക്ക് കുഞ്ഞിനെ കൈമാറിയിരുന്നു. അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡി.എന്‍.എ പരിശോധനാ ഫലം പോസിറ്റീവായ സാഹചര്യത്തിലാണ് കുഞ്ഞിനെ കൈമാറിയരുന്നത്.

ഒക്ടോബര്‍ 14 നാണ് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം പുറത്തായത്. തന്റെ വീട്ടുകാര്‍ തന്നെയാണ് കുഞ്ഞിനെ മാറ്റിയതെന്നാണ് അനുപമ പറയുന്നത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും പ്രതിക്കൂട്ടിലായിരുന്നു. തുടര്‍ന്ന് ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Anupama claims that the Child Welfare Committee misled the court in the case of child abduction and adoption