|

'എനിക്ക് എക്കാലവും പ്രിയപ്പെട്ട ഒരു മലയാള സിനിമയുണ്ട്' ഫഹദ് ഫാസില്‍ ചിത്രത്തെ കുറിച്ച് അനുപമ ചോപ്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയും ചലച്ചിത്ര നിരൂപകയുമാണ് അനുപമ ചോപ്ര. ഫിലിം കമ്പാനിയന്റെ സ്ഥാപകയും എഡിറ്ററുമായിരുന്നു അവര്‍.

എന്‍.ഡി.ടി.വി, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവയില്‍ ചലച്ചിത്ര നിരൂപകയായിരുന്നു അനുപമ. നിലവില്‍ ദി ഹോളിവുഡ് റിപ്പോര്‍ട്ടറില്‍ വര്‍ക്ക് ചെയ്യുകയാണ് അനുപമ ചോപ്ര.

ഇപ്പോള്‍ തന്റെ എക്കാലത്തെയും ബോളിവുഡ് – മലയാളം സിനിമയെ കുറിച്ച് പറയുകയാണ് അനുപമ. ഷോലെ, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ സിനിമകളുടെ പേരാണ് അവര്‍ പറഞ്ഞത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുപമ ചോപ്ര.

‘ബോളിവുഡിലെ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍, എനിക്ക് അത് എന്നും ഷോലെ ആണ്. മലയാളത്തില്‍ അങ്ങനെ എക്കാലവും പ്രിയപ്പെട്ട സിനിമയുണ്ടോയെന്ന് ചോദിച്ചാല്‍, ഉണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് ആണ് ആ സിനിമ.

ഞാന്‍ പണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെയും ഷാജിയുടെയും (ഷാജി എന്‍. കരുണ്‍) സിനിമകള്‍ കണ്ടിരുന്നു. പക്ഷെ സമകാലിക മലയാളം സിനിമകളില്‍ ഞാന്‍ ആദ്യം കണ്ട സിനിമ കുമ്പളങ്ങി നൈറ്റസ് ആണ്,’ അനുപമ ചോപ്ര പറയുന്നു.

എത്രത്തോളം മലയാള സിനിമകള്‍ കാണാറുണ്ട് എന്ന ചോദ്യത്തിനും അവര്‍ അഭിമുഖത്തില്‍ മറുപടി നല്‍കി. തനിക്ക് പറ്റാവുന്നിടത്തോളം കാണാന്‍ ശ്രമിക്കാറുണ്ടെന്നും ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് ആണ് താന്‍ അവസാനമായി കണ്ട മലയാള സിനിമയെന്നും അനുപമ ചോപ്ര പറയുന്നു.

ആ സിനിമയുടെ സ്റ്റോറി ടെല്ലിങ്ങും കഥാപാത്രങ്ങളും തനിക്ക് ഒരുപാട് ഇഷ്ടമായെന്നും അത് വളരെ അണ്‍എക്സ്പെക്റ്റഡായിരുന്നുവെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.


Content Highlight: Anupama Chopra Talks About Her Favorite Malayalam Movie of All Time