മുംബൈ: ബോളിവുഡ് നടി തപ്‌സി പന്നുവിനെ പുകഴ്ത്തി പ്രമുഖ ഫിലിം ജേര്‍ണലിസ്റ്റ് അനുപമ ചോപ്ര. ബോളിവുഡ് യുവനിരയിലെ മികച്ച നടിമാരിലൊരാളാണ് തപ്‌സിയെന്നും തന്റെ അഭിപ്രായം തുറന്നു പറയാന്‍ ഭയമില്ലാത്ത തപ്‌സിയുടെ രീതി തനിക്ക് വളരെ ഇഷ്ടമാണെന്നും അനുപമ ചോപ്ര പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ ലേഖനത്തിലാണ് അനുപമയുടെ പരാമര്‍ശം.
‘ ബോളിവുഡിലെ വളരെ മികച്ച ഒരു നടിയാണ് തപ്‌സി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഹിന്ദി സിനിമ മേഖലയില്‍ തന്റേതായ ഒരിടം അവര്‍ നേടി. 2016 ല്‍ പിങ്ക് എന്ന സിനിമയില്‍ തുടങ്ങി കുറഞ്ഞ ബജറ്റിലൊരുങ്ങുന്ന ശക്തമായ സന്ദേശമുള്ള സിനിമകളുടെ ചാലക ശക്തിയായി അവര്‍ മാറി,’ അനുപമ ചോപ്ര പറഞ്ഞു.ഒപ്പം തപ്‌സിയുടെ ഥപ്പഡ്, നാം ഷബാന, മുള്‍ക്, സാന്ദ് കീ ആഖ് എന്നീ സിനിമകളെയും അനുപമ ചോപ്ര പരാമര്‍ശിച്ചു.
‘ ഉയര്‍ച്ചയിലേക്ക് കുതിക്കുന്ന അഭിനേതാവാണ് തപ്‌സി. നിലവിലെ സാമൂഹ്യ സാഹചര്യങ്ങളില്‍ എത്രത്തോളം കുറച്ച് അഭിപ്രായം തുറന്നു പറയുന്നോ അത്രയും നല്ലത് എന്ന സ്ഥിതിയാണ്. പക്ഷെ അവള്‍ ഒരിക്കലും അങ്ങനെയൊരു സ്ത്രീയല്ല,’ അനുപമ ചോപ്ര കുറിച്ചു.
ഒപ്പം 2018 ല്‍ താനുമായുള്ള അഭിമുഖത്തില്‍ ബോളിവുഡ് സ്വജനപക്ഷ പാതത്തിലെ തന്റെ വീഴ്ച തപ്‌സി ചൂണ്ടിക്കാട്ടിയതും അനുപമ തുറന്നു പറഞ്ഞു.
‘ 2018 ലാണ് ഞങ്ങള്‍ രണ്ടു പേരും തമ്മില്‍ പരിചയപ്പെടുന്നത്. മുള്‍ക്ക് കണ്ടതിനു ശേഷം അവരുമായി ഞാനൊരു അഭിമുഖം നടത്തി. ഞങ്ങളുടെ സംഭാഷണം സ്വജനപക്ഷ പാതത്തില്‍ എത്തിയപ്പോള്‍ തപ്‌സി പറഞ്ഞത് അവരെ അഭിമുഖം ചെയ്യാന്‍ ഞാനെടുത്തത് അഞ്ച് വര്‍ഷമാണെന്നാണ്. എന്നാല്‍ ചിലര്‍ക്ക് അവരുടെ ആദ്യ സിനിമയുടെ റിലീസിനു മുമ്പേ ഈ അവസരം ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. തപ്‌സി പറഞ്ഞത് ശരിയായിരുന്നു. ഥടക് എന്ന സിനിമയുടെ റിലീസിനു മുമ്പേ ജാന്‍വി കപൂറിനെയും ഇഷാന്‍ ഖട്ടറിനെയും ഞാന്‍ അഭിമുഖം ചെയ്തിരുന്നു,’ അനുപമ ചോപ്ര എഴുതി.
ഒപ്പം റിയ ചക്രബര്‍ത്തിക്കെതിരെ നടന്ന മാധ്യമ വിചാരണയില്‍ ശബ്ദമുയര്‍ത്തിയതും അനുരാഗ് കശ്യപിന്റെ മീടൂ വിവാദത്തില്‍ തപ്‌സി എടുത്ത നിലപാടിനെയും അനുപമ അഭിനന്ദിച്ചു. നിരന്തമായി സൈബര്‍ ആക്രമണം നേരിട്ടിട്ടും തന്റെ അഭിപ്രായം തുറന്നു പറയാന്‍ മടിക്കാത്ത തപ്‌സിയുടെ ധൈര്യത്തെയും അനുപമ പ്രശംസിച്ചു.
‘ ഹംഗര്‍ ഗെയിംസിന്റെ രക്തദാഹിയായ വെര്‍ച്വല്‍ പതിപ്പായാണ് സോഷ്യല്‍ മീഡിയയെ ഇപ്പോള്‍ തോന്നുന്നത്. വലിയ താരങ്ങള്‍ നിശബ്ദതരായിരിക്കുന്നു. മാനേജര്‍മാരാലും ഉപദേശകരില്‍ നിന്നുമുള്ള നിര്‍ദ്ദേശമാണ് ഇതിനു കാരണം. പക്ഷെ തപ്‌സിയുടെ ട്വിറ്റര്‍ ബയോ ഇങ്ങനെയാണ് എല്ലാം, റിയല്‍…മാസവും, രക്തവും, നട്ടെല്ലും..,’
ഈ നട്ടെല്ലാണ് ഒന്നിനോടും പ്രതികരിക്കാതെ മാറി ഇരിക്കാന്‍ തപ്‌സിക്കു ബുദ്ധിമുട്ടാവുന്നതെന്ന് താന്‍ കരുതുന്നെന്നും അനുപമ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Anupama Chopra praises Taapsee Pannu