അനുപമയ്ക്ക് കുഞ്ഞിനെ കിട്ടുക എന്നതാണ് പ്രധാനം; നീതി ലഭിക്കുന്ന രീതിയിലുള്ള ഇടപെടല്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
Kerala
അനുപമയ്ക്ക് കുഞ്ഞിനെ കിട്ടുക എന്നതാണ് പ്രധാനം; നീതി ലഭിക്കുന്ന രീതിയിലുള്ള ഇടപെടല്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd October 2021, 12:11 pm

തിരുവനന്തപുരം: അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുഞ്ഞിനെ അമ്മയ്ക്ക് നല്‍കുക എന്നതാണ് അഭികാമ്യമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീണ ജോര്‍ജ് പറഞ്ഞു.

2020 ഒക്ടോബറിലാണ് കുഞ്ഞ് ജനിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അമ്മ തൊട്ടലില്‍ കിടത്തിയതായി മനസിലാക്കുന്നു. 2021 ഏപ്രിലില്‍ അമ്മ പരാതി നല്‍കിയതായി മനസിലാക്കുന്നുണ്ട്.

പറയുന്ന കാലയളവില്‍ രണ്ട് കുഞ്ഞുങ്ങളെയാണ് ശിശുക്ഷേമ സമിതിയില്‍ ലഭിച്ചത്. അതില്‍ ഒരു കുഞ്ഞ് ഡി.എന്‍.എ പരിശോധനയിലൂടെ ഇവരുടേതല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ കുഞ്ഞ് ദത്തെടുത്തവരുടെ കയ്യിലാണ് ഉള്ളത്. അങ്ങനെയൊരു സാഹചര്യമാണ് നിലവില്‍ ഉള്ളത്.

ഒരു പരാതി നല്‍കപ്പെടുമ്പോള്‍ അതില്‍ ഉടനടി നടപടികള്‍ സ്വീകരിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം.

ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒരു അവ്യക്തതയും ഇല്ല. കാരണം കുഞ്ഞിന്റെ അമ്മയുടെ ആവശ്യം അവരുടെ വേദനയും വിഷമവും നമ്മള്‍ കാണും. വിഷയം കോടതിയിലേക്ക് എത്തേണ്ട സാഹചര്യത്തിലാണ് ഉള്ളതെന്നാണ് മനസിലാക്കുന്നത്. അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് കൂടി ഈ അവസരത്തില്‍ പരിശോധിക്കും.

അതോടൊപ്പം അമ്മതൊട്ടിലില്‍ കുഞ്ഞിനെ കണ്ടെടുത്ത സമയം മുതല്‍ എന്തൊക്കെയാണ് സംഭവിച്ചത്, അസ്വാഭാവികമായിട്ടുള്ള എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ ഇതെല്ലാം വളരെ കൃത്യമായി തന്നെ പരിശോധിക്കപ്പെടും. അതില്‍ ഒരു തര്‍ക്കവുമില്ല. ആ തരത്തിലുള്ള റിപ്പോര്‍ട്ട് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

അമ്മയ്ക്ക് നീതി ലഭിക്കുന്ന രീതിയിലുള്ള ഇടപെടല്‍ തന്നെ ഉറപ്പാക്കും. സര്‍ക്കാരിനെ സംബന്ധിച്ച് ഇതില്‍ അവ്യക്തതയില്ല. അമ്മയ്ക്ക് നല്‍കേണ്ട എല്ലാ പരിഗണനയും നല്‍കിക്കൊണ്ട് നീതിപൂര്‍വമായി കാര്യങ്ങള്‍ നടത്തും. കോടതിയില്‍ സ്വീകരിക്കേണ്ടതായുള്ള നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം