കൊച്ചി: ദത്ത് നല്‍കല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുപമ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ഹേബിയസ് കോര്‍പസ് ഹരജി നിലനില്‍ക്കുമോയെന്നായിരുന്നു ഹൈക്കോടതി ആരാഞ്ഞത്.
ഹരജി പിന്‍വലിക്കണമെന്നും, ഇല്ലെങ്കില്‍ തള്ളുമെന്നും ഹൈക്കോടതി അനുപമയോട് പറഞ്ഞു. മറ്റൊരു കേസ് തിരുവനന്തപുരം കുടുംബകോടതിയില്‍ നിലനില്‍ക്കുകയല്ലേ എന്നും, അങ്ങനെയെങ്കില്‍ എങ്ങനെ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് നിലവില്‍ പറയാനാകില്ലെന്നും കോടതി പറഞ്ഞു. കേസ് കോടതി നാളത്തേക്ക് മാറ്റി.
കുഞ്ഞിനെ ദത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കുടുംബ കോടതിയുടെ പരിഗണനയിലാണ്. അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയെന്ന് ആക്ഷേപമുയര്‍ന്ന കേസില്‍ ആവശ്യമെങ്കില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താമെന്ന് കുടുംബ കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോയെന്ന് കണ്ടെത്തണമെന്നും തിരുവനന്തപുരം കുടുംബ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ന് അനുപമയുടെ ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിച്ചപ്പോള്‍ ഈ കേസ് കുടുംബ കോടതിയുടെ പരിഗണനയില്‍ അല്ലേയെന്ന് ബെഞ്ച് ആരായുകയായിരുന്നു. ഈ ഹരജി നിലനില്‍ക്കുമോ? ഇതില്‍ സത്വരമായി ഇടപെടാന്‍ കാരണം കാണുന്നില്ലെന്നും കോടതി പറഞ്ഞു.
നിലവില്‍ കുഞ്ഞ് നിയമ വിരുദ്ധ കസ്റ്റഡിയില്‍ ആണെന്നു പറയാനാവില്ലെന്ന് വിലയിരുത്തിയ കോടതി ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ടെന്നും വ്യക്തമാക്കി.
കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ 2020 ഒക്ടോബര്‍ 19-നാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കുന്നത്. എന്നാല്‍ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ചേര്‍ന്ന് നാലാം ദിവസം കുഞ്ഞിനെ തന്നില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്നും, തന്റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമാണ് അനുപമ ഹരജിയില്‍ ആരോപിക്കുന്നത്. ആശുപത്രി രജിസ്റ്ററിലും ജനനസര്‍ട്ടിഫിക്കറ്റിലും കുഞ്ഞിന്റെ വിവരങ്ങള്‍ തെറ്റായാണ് നല്‍കിയിട്ടുള്ളതെന്നും ഹരജിയില്‍ പറയുന്നു.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടുന്ന കുട്ടികളെ ഏറ്റെടുക്കുന്നതിനായി ബാലനീതിനിയമപ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഉണ്ടായില്ല. ശിശുക്ഷേമസമിതിയെ ഉള്‍പ്പടെ സമീപിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്നും അനുപമ ഹരജിയില്‍ പറയുന്നു.
അതേസമയം, ഇന്നലെ അനുപമയുടെ പരാതിയിലെ സത്യാവസ്ഥ കണ്ടെത്തുന്നതിന് ഡി.എന്‍.എ പരിശോധന നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് തിരുവനന്തപുരം കുടുംബകോടതി നിര്‍ദശം നല്‍കിയിരുന്നു. കേസ് ഇനി പരിഗണിക്കുന്നത് നവംബര്‍ 20നാണ്. അന്നത്തേക്ക് ഫലമെന്തെന്ന് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ശിശുക്ഷേമസമിതിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാണോ, അതോ കുടുംബം വന്ന് സ്വമേധയാ വിട്ട് നല്‍കിയതാണോ എന്നതില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം നല്‍കണം. ദത്ത് നടപടിക്രമങ്ങളും വ്യക്തമാക്കണം. ഡി.എന്‍.എ പരിശോധന എങ്ങനെ വേണമെന്നതിന്റെ കാര്യം സമിതിക്ക് തീരുമാനിക്കാമെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി.