| Monday, 25th October 2021, 1:07 pm

അനുപമയുടെ കുട്ടിയുടെ ദത്ത് നടപടികള്‍ക്ക് സ്റ്റേ; തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കമെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കോടതി. തിരുവനന്തപുരം കുടുംബ കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്.

കുഞ്ഞിനെ ദത്തു നല്‍കിയതുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ തത്ക്കാലം റദ്ദു ചെയ്തിരിക്കുന്നെന്നും മറ്റു വാദങ്ങള്‍ നവംബര്‍ ഒന്നിന് കേള്‍ക്കുമെന്നും കോടതി പറഞ്ഞു. ഈ കേസില്‍ ഹരജി ചേരണമെന്ന് ആവശ്യപ്പെട്ട് അനുപമ കക്ഷി ചേര്‍ന്നിരുന്നു. സര്‍ക്കാരിനും അനുപമയ്ക്കും പറയാനുള്ള കാര്യങ്ങള്‍ കൂടി കേട്ട ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ നടപടികള്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കുഞ്ഞിന്റെ അമ്മ അവകാശവാദവുമായി എത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ദത്തെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നായിരുന്നു ഗവണ്‍മെന്റ് പ്ലീഡര്‍ എ.എ.ഹക്കിം നേരിട്ട് കോടതിയെ അറിയിച്ചത്.

ഇതേ നിലപാട് തന്നെയായിരുന്നു ശിശുക്ഷേമ സമിതിയും സ്വീകരിച്ചത്. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ ആയിരുന്നു വഞ്ചിയൂര്‍ കോടിതിയില്‍ നിലപാട് അറിയിച്ചത്.

ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്ക് അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിന്റെ അവകാശവും സംരക്ഷണവും നിയമപരമായി നല്‍കുന്ന ഉത്തരവ് താത്കാലികമായി തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. മാതാപിതാക്കളായ അനുപമയും അജിത്തും നല്‍കിയ പരാതികളില്‍ അന്വേഷണം നടക്കുന്നതിനാലാണിതെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. അതേസമയം വിധിപറയുന്നതുവരെ കുട്ടിയുടെ സംരക്ഷണച്ചുമതല ആന്ധ്രാ സ്വദേശികള്‍ക്കു തന്നെ ആയിരിക്കും.

ഓഗസ്റ്റ് ഏഴിനാണു അനുപമയുടെ കുഞ്ഞിനെ താല്‍കാലികമായി ആന്ധ്രസ്വദേശികളായ ദമ്പതികള്‍ക്കു ദത്തു നല്‍കിയത്. ഇതിനുശേഷം ശിശുക്ഷേമസമിതി ഉള്‍പ്പെടെ കേസിലെ കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി തിരുവനന്തപുരം കുടുംബ കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.

അതേസമയം നിര്‍ബന്ധപൂര്‍വം കുഞ്ഞിനെ എടുത്തുമാറ്റിയെന്ന് അനുപമ പേരൂര്‍ക്കട പൊലീസില്‍ നല്‍കിയ പരാതിയില്‍ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍, അനുപമയുടെ അച്ഛന്‍ പി.എസ്. ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശന്‍, മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇത് 28ന് പരിഗണിക്കും. ജയചന്ദ്രനടക്കം ആറുപേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. എന്നാല്‍ ജയചന്ദ്രന്‍ ജാമ്യഹര്‍ജി നല്‍കിയിട്ടില്ല. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നാണ് ഹരജിയിലെ വാദം.

കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും കുഞ്ഞിനെ തിരികെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനുപമ പ്രതികരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more