അനുപമയുടെ മാതാപിതാക്കള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്, കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചില്ലെന്ന് പ്രതികള്‍; ജാമ്യാപേക്ഷയില്‍ വിധി നവംബര്‍ 2 ന്
Kerala
അനുപമയുടെ മാതാപിതാക്കള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്, കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചില്ലെന്ന് പ്രതികള്‍; ജാമ്യാപേക്ഷയില്‍ വിധി നവംബര്‍ 2 ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th October 2021, 2:41 pm

തിരുവനന്തപുരം: അമ്മ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നവംബര്‍ രണ്ടിന് വിധി പറയും.

അനുപമയുടെ അച്ഛന്‍ ജയചന്ദ്രനും, അമ്മ സ്മിതയും അച്ഛന്റെ സുഹൃത്തുക്കള്‍ അടക്കമുള്ള ആറ് പേരുമാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

കേസില്‍ വാദം പൂര്‍ത്തിയായി ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നവംബര്‍ രണ്ടിലേക്ക് മാറ്റുകയായിരുന്നു.

കുട്ടിയെ തട്ടിയെടുത്ത് ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നോട്ടറി തയ്യാറാക്കിയ സത്യവാങ്മൂലം കണ്ടെടുക്കാനുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. ഗര്‍ഭിണിയായ അനുപമയെ താമസിപ്പിച്ച കട്ടപ്പനയില്‍ തെളിവെടുക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അമ്മ നാടു നീളെ കുഞ്ഞിനെ തേടി അലഞ്ഞ് നടക്കുന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ അനുപമയുടെ സമ്മതത്തോടെ കുട്ടിയെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.

കോളേജില്‍ പഠിക്കാന്‍ വിട്ട മകള്‍ ഗര്‍ഭിണിയായാണ് മടങ്ങി വന്നത്. കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ല. കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താന്‍ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അനുപമയുടെ സത്യവാങ്മൂലത്തില്‍ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറയുന്നില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

എന്നാല്‍ അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കുഞ്ഞിനെ തട്ടികൊണ്ട് പോയതിനും വ്യാജരേഖയുണ്ടാക്കിയതിനും അന്വേഷണം തുടരുകയാണെന്നും ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ സ്വാധീനമുളള പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നുമുള്ള റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

നേരത്തെ കോടതി വിഷയത്തില്‍ പൊലീസിന്റെ അഭിപ്രായം തേടിയിരുന്നു. അതേസമയം, കുഞ്ഞിനെ വളര്‍ത്താന്‍ ഏല്‍പ്പിച്ചു എന്ന് സത്യവാങ്മൂലത്തില്‍ ഉണ്ടെന്നു തോന്നുന്നില്ലെന്നും കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും അനുപമ പ്രതികരിച്ചു. തങ്ങളുടെ വാദം കൂടെ കേള്‍ക്കാതെ കോടതി തീരുമാനം എടുക്കും എന്ന് കരുതുന്നില്ലെന്ന് പറഞ്ഞ അനുപമ കോടതി കാര്യങ്ങളില്‍ അഭിപ്രായം പറയുന്നില്ലെന്നും വ്യക്തമാക്കി.

ചുമത്തേണ്ടിയിരുന്ന പ്രധാന വകുപ്പുകള്‍ ചേര്‍ത്തിട്ടില്ല, ആ വിഷയം കോടതിയില്‍ ഉന്നയിക്കും. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. പാര്‍ട്ടി പ്രതികളെ സംരക്ഷിച്ചാലും കോടതി സംരക്ഷിക്കില്ല. പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ശിശുക്ഷേമ സമിതിയിലെ സി.സി.ടി.വി പരിശോധിക്കാന്‍ തീരുമാനമായി. സര്‍ക്കാരിന്റെ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ഇക്കാര്യം ആവശ്യപ്പെട്ട് വനിതാ ശിശു വികസന ഡയറക്ടര്‍ ശിശുക്ഷേമ സമിതിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കുഞ്ഞിനെ കൈമാറിയെന്ന് പറയുന്ന 2020 ഒക്ടോബറിലെ ദിവസങ്ങളിലെ സി.സി.ടി.വി ഹാജരാക്കാനാണ് നോട്ടീസ് നല്‍കിയത്. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചതാണോ അല്ലയോ എന്ന് കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നിര്‍ണായകമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം