അനുപമയും അജിത്തും വിവാഹിതരായി
Kerala
അനുപമയും അജിത്തും വിവാഹിതരായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st December 2021, 12:29 pm

തിരുവനന്തപുരം: അനുപമയും അജിത്തും വിവാഹിതരായി. മുട്ടട സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒരുമാസം മുന്‍പേ തന്നെ അപേക്ഷ കൊടുത്തിരുന്നെന്നും നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെന്നും അനുപമ പറഞ്ഞു.

വിവാഹത്തിന് പറ്റിയ ഒരു സാഹചര്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കുഞ്ഞിനെ തിരിക കിട്ടി. അതിന്റെയൊരു സന്തോഷം കൂടിയുണ്ട്. ഞങ്ങള്‍ കുറേനാളായി ഒരുമിച്ച് ജീവിച്ചുവരികയാണ്. അത് നിയമപരമാകുമ്പോള്‍ അതില്‍ ഒരു സന്തോഷമുണ്ട്. മാത്രമല്ല കുഞ്ഞുംകൂടി അതിന് ദൃക്‌സാക്ഷിയായി.

ഞങ്ങള്‍ വിവാഹം കഴിക്കുമോ അതോ പിരിയുമോ എന്നൊക്കെ പലര്‍ക്കും സംശയമുണ്ടായിരുന്നു. അതിനൊക്കെ ഒരു പരിഹാരമായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാന്‍ ചെയ്ത പോലെയൊന്നുമല്ല ജീവിതം പോയത്. നന്നായി ജീവിച്ചുകാണിച്ചുകൊടുക്കണമെന്നുണ്ട്. മറ്റൊന്നുമില്ല, ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം തങ്ങളുടെ കൂടെയുണ്ടെന്നും അനുപമ പറഞ്ഞു.

ഒരുവര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അനുപമയ്ക്ക് നവംബര്‍ മാസത്തില്‍ തന്റെ കുഞ്ഞിനെ തിരിച്ചുകിട്ടിയത്. അതേസമയം കുഞ്ഞിനെ തന്നില്‍ നിന്ന് അകറ്റിയവര്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന് അനുപമ അറിയിച്ചിട്ടുണ്ട്.

കുഞ്ഞിനെ കിട്ടിയെങ്കിലും ഇതിന് കാരണക്കാരായവര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും എല്ലാ സ്ഥലങ്ങളിലും പരാതി കൊടുത്തെങ്കിലും എവിടെ നിന്നും നീതി ലഭിച്ചില്ലെന്നും അനുപമ പറഞ്ഞിരുന്നു.

കുട്ടിയെ ദത്ത് നല്‍കുന്നതില്‍ ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുകള്‍ ഉണ്ടായതായാണ് വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശിശുക്ഷേമ സമിതി റിപ്പോര്‍ട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞുവെന്നും, ദത്ത് തടയാന്‍ സി.ഡബ്ല്യു. സി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ദത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സി.ഡബ്ല്യു.സി പൊലീസിനെ അറിയിച്ചിരുന്നില്ല, അനുപമ പരാതി നല്‍കിയിട്ടും ദത്ത് നടപടികളുമായി മുന്നോട്ടുപോയി തുടങ്ങിയ കാര്യങ്ങളും വീഴ്ചകളും ചൂണ്ടികാട്ടുന്നുണ്ട്. തന്റെ കുട്ടി ആണ് ഇവിടെ എത്തിച്ചിരിക്കുന്നതെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട് അനുപമ ആഗസ്റ്റ് 11ന് സി.ഡബ്ല്യു.സിയെ സമീപിച്ചിരുന്നു.

ആഗസ്റ്റ് ആറിനാണ് കുട്ടിയെ ദത്ത് നല്‍കാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ വേണമെന്നാവശ്യപ്പെട്ട് അനുപമ സമീപിച്ചതിന് ശേഷവും ദത്ത് നടപടികള്‍ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സി.ഡബ്ല്യു.സി മുന്നോട്ട് പോയി. ഇതുമായി ബന്ധപ്പെട്ട് സി.ഡബ്ല്യു.സി ആഗസ്റ്റ് 16ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം