തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രസ്താവന തെറ്റാണെന്ന് അനുപമ.
പാര്‍ട്ടി ഞങ്ങള്‍ക്കൊപ്പം നില്‍ക്കാം എന്ന് ഇപ്പോള്‍ പറഞ്ഞതില്‍ നന്ദിയുണ്ട്. പക്ഷേ ഞാന്‍ അദ്ദേഹത്തിന് പരാതി കൊടുത്തിട്ടില്ല എന്ന് പറഞ്ഞത് തെറ്റാണ്. പരാതി കിട്ടിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞതാണെങ്കില്‍ അത് സമ്മതിക്കാം. അല്ലാതെ ഞാന്‍ പരാതി കൊടുത്തിട്ടില്ല എന്ന് പറയരുത്.
ജില്ലാ കമ്മിറ്റി ഓഫീസില്‍ പോയിട്ടാണ് പരാതി കൊടുത്തത്. ആ സമയത്ത് അദ്ദേഹം കൊവിഡ് കാരണം അവിടെ ഇല്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചത്, അനുപമ പറഞ്ഞു.
ജില്ലാ കമ്മിറ്റിയില്‍ ഞാന്‍ നല്‍കിയ പരാതിയില്‍ ഒരിടത്തും എന്റെ കയ്യില്‍ നിന്നും ഒപ്പിട്ട് അവര്‍ ഒരു കണ്‍സെന്റ് വാങ്ങിയ കാര്യം ഞാന്‍ പറഞ്ഞിട്ടില്ല. കാരണം അതെനിക്ക് അറിയില്ല. എന്നാല്‍ എന്റെ അച്ഛനുമായി അദ്ദേഹം സംസാരിക്കുമ്പോള്‍ ഈ കണ്‍സെന്റിന്റെ കാര്യം അദ്ദേഹം അറിഞ്ഞിട്ടുണ്ടാകണം.
ഞാന്‍ പരാതി കൊടുത്ത് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് അദ്ദേഹം എന്റെ അച്ഛനെ വിളിക്കുന്നത്. അപ്പോള്‍ പിന്നെ എങ്ങനെയാണ് അദ്ദേഹം ഞാനുമായി കണ്‍സെന്റിന്റെ കാര്യം സംസാരിച്ചു എന്ന് പറയുക, അനുപമ ചോദിച്ചു.
അനുപമ തന്നെ സമീപിച്ചിട്ടില്ലെന്നും പരാതി ഇവിടെ കൊടുക്കുകയാണ് ചെയ്തതെന്നും പാര്‍ട്ടിപരമായി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നം അല്ല എന്നാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു ആനവൂര്‍ നാഗപ്പന്റെ വിശദീകരണം. മോളേ എന്ന് വിളിച്ചാണ് താന്‍ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ ഈ വാദം അനുപമയും ഭര്‍ത്താവും തള്ളി. മോളേ എന്ന് വിളിച്ച് സംസാരിച്ചിട്ടില്ലെന്നും തന്റെ കുഞ്ഞിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും ഇതിലൊന്നും പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും വഴക്ക് പറയുന്ന രീതിയിലാണ് സംസാരിച്ചതെന്നാണ് അനുപമ പറയുന്നത്.