തിരുവനന്തപുരം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയും അജിത്തും സമരത്തിലേക്ക്. ശിശുക്ഷേമ സമിതി ഓഫീസിന് മുന്നിലാണ് ഇരുവരും അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങിയത്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍. സുനന്ദയേയും ശിശുക്ഷേമ ജനറല്‍ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണമെന്നാണ് ആവശ്യം.
ഇരുവരും ചേര്‍ന്നാണ് തന്റെ കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന് അനുപമ ആരോപിക്കുന്നു. ഇവര്‍ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നും അനുപമ ആരോപിക്കുന്നു.
ദത്ത് നല്‍കിയ കുഞ്ഞിനെ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഏറ്റെടുക്കണം. നിലവിലെ സര്‍ക്കാര്‍ അന്വേഷണത്തില്‍ വിശ്വാസമില്ല. ആരോപണ വിധേയരെ മാറ്റി നിര്‍ത്താത്ത അന്വേഷണം ശരിയാവില്ല. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും ഇണഇ ചെയര്‍പേഴ്‌സണെയും മാറ്റി നിര്‍ത്തണം. അന്വേഷണം തീരും വരെ താല്‍ക്കാലികമായെങ്കിലും ഇരുവരെയും മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണം, അനുപമ പറയുന്നു.
മുന്‍വിധി വേണ്ട നല്ല രീതിയില്‍ അന്വേഷണം നടക്കും എന്നാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് തന്നോട് പറഞ്ഞത്. എന്നാല്‍ അന്വേഷണം തുടങ്ങും മുമ്പ് തന്നെ ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റേയും സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സന്റേയും ഭാഗത്ത് തെറ്റില്ല എന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ആ സാഹചര്യത്തില്‍ അന്വേഷണത്തില്‍ എങ്ങനെ വിശ്വസിക്കും.
വിഷയത്തില്‍ കോടതി ഇടപെട്ടതിന് പിന്നാലെ കുഞ്ഞിനെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമെന്നും അതിന് ശേഷം ഡി.എന്‍.എ ടെസ്റ്റ് നടത്താമെന്നൊക്കെയായിരുന്നു ശിശുക്ഷേമ സമിതി പറഞ്ഞിരുന്നത്. എന്നാല്‍ അതിനുള്ള ഒരു നീക്കുപോക്കുകളും കാണുന്നില്ല.
കുഞ്ഞിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സി.ഡബ്ല്യു.സിക്കാണ്. എന്നിട്ടും എന്തുകൊണ്ട് ഇക്കാര്യം വെച്ചുതാമസിക്കുന്നു എന്ന് മനസിലാകുന്നില്ല. കുഞ്ഞിനെ എത്രയും വേഗം ഇങ്ങോട്ട് കൊണ്ടുവരണം. തന്റെ കുഞ്ഞിനെ കൊണ്ടുവരുന്നതുവരെ സമരം തുടരുമെന്നും അനുപമ പറഞ്ഞു.