പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അനുപം ഖേര്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുന്നു. അനുപം ഖേറിന്റെ അമ്മ ദുലാരി മോദിക്ക് അനുഗ്രഹം നേരുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. മക്കളായ അനുപം ഖേറിനെക്കാളും രാജു ഖേറിനെക്കാളും തനിക്ക് ഇഷ്ടം മോദിയെ ആണെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
മോദിയോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ തന്നെപ്പോലെയുള്ള ആയിരക്കണക്കിന് അമ്മമാരുടെ അനുഗ്രഹം മോദിക്കുണ്ടെന്നാണ് അവര്‍ വീഡിയോയില്‍ പറഞ്ഞത്. ‘അദ്ദേഹം നിങ്ങളെക്കാള്‍ കൂടുതല്‍ മികച്ചതാണ്. മോദിക്ക് ആശംസകള്‍. എന്നെങ്കിലും അദ്ദേഹത്തെ കണ്ടുമുട്ടുമായിരിക്കും. ജന്മദിനാശംസകള്‍ മോദി സാര്‍,’ എന്നാണ് ദുലാരി പറഞ്ഞത്.
രാജു ഖേര്‍ ചിത്രീകരിച്ച വീഡിയോ ആണ് അനുപം ഖേര്‍ പങ്കുവെച്ചത്. ‘മോദിക്ക് ആശംസകള്‍ നേരണമെന്ന് അമ്മക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് എന്റെ സഹോദരന്‍ അവരുടെ ഒരു വീഡിയോ എടുത്തു. അവര്‍ക്ക് ഞങ്ങളെക്കാളും ഇഷ്ടം മോദിയോടാണെന്നാണ് അതില്‍ പറയുന്നത്. ആ അനുഗ്രഹം അവരുടെ ഹൃദയത്തില്‍ നിന്നുമാണ് വരുന്നത്. ലക്ഷക്കണക്കിന് അമ്മമാരുടെ അനുഗ്രഹം മോദിജിക്ക് ലഭിക്കട്ടെ. മോദിജി റോക്ക്‌സ്, ദുലാരി റോക്ക്‌സ്, ജന്മദിനാശംസകള്‍,’ എന്നാണ് അനുപം ഖേര്‍ കുറിച്ചത്.
വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ‘അവരെ കാണുമ്പോള്‍ എനിക്ക് വലിയ സന്തോഷം ലഭിക്കുന്നു, അവര്‍ക്ക് ആയുരാരോഗ്യം നല്‍കി ദൈവം അനുഗ്രഹിക്കട്ടെ,’ എന്നാണ് കങ്കണ റണാവത്ത് കുറിച്ചത്.
മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് അനുപം ഖേര്‍ നേരത്തെ ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് കങ്കണ ആശംസകള്‍ നേര്‍ന്നത്.
View this post on Instagram
അതേസമയം റിലീസിനൊരുങ്ങുന്ന എമര്‍ജന്‍സി എന്ന ചിത്രത്തില്‍ കങ്കണയും അനുപം ഖേറും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അടിയന്തരാവസ്ഥ കാലം ചിത്രീകരിക്കുന്ന സിനിമയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി കങ്കണ എത്തുമ്പോള്‍ ജയപ്രകാശ് നാരായണനെയാണ് അനുപം ഖേര്‍ അവതരിപ്പിക്കുന്നത്.
Content Highlight: Anupam Kher’s mother loves Modi more than her children: Kangana Ranaut comments