വിവേക് അഗ്നിഹോത്രി ചിത്രം കശ്മീര്‍ ഫയല്‍സ് അസംബന്ധമാണെന്ന നടന്‍ പ്രകാശ് രാജിന്റെ വിമര്‍ശനത്തിന് മറുപടിയുമായി അനുപം ഖേര്‍. ചിലര്‍ ജീവിതകാലം മുഴുവന്‍ നുണ പറഞ്ഞാണ് ജീവിക്കുന്നതെന്നാണ് അനുപം ഖേര്‍ മറുപടി നല്‍കിയത്.
‘അവരുവരുടെ സ്റ്റാറ്റസിനനുസരിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്. ചിലര്‍ക്ക് ജീവിതകാലം മുഴുവന്‍ നുണ പറഞ്ഞ് ജീവിക്കേണ്ടി വരും. അതേസമയം മറ്റുള്ളവര്‍ സത്യം പറയും. ജീവിതത്തില്‍ എല്ലായ്‌പ്പോഴും സത്യം പറഞ്ഞവരില്‍ ഒരാളാണ് ഞാന്‍. ആരെങ്കിലും നുണ പറഞ്ഞ് ജീവിക്കുന്നുണ്ടെങ്കില്‍ അതാവാം അവരുടെ ആഗ്രഹം,’ നവഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അനുപം ഖേര്‍ പറഞ്ഞു.
നേരത്തെ തിരുവനന്തപുരത്ത് ക ഫെസ്റ്റില്‍ പങ്കെടുത്തപ്പോഴായിരുന്നു പ്രകാശ് രാജ് കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്. ‘കശ്മീര്‍ ഫയല്‍സ് ഒരു അസംബന്ധ ചിത്രമാണ്. നമ്മുക്കെല്ലാം അറിയാം അത് ആരാണ് നിര്‍മിച്ചതെന്ന്. അന്താരാഷ്ട്ര ജൂറി അതിന്റെ മുകളില്‍ തുപ്പുകയാണ് ചെയ്തത്. എന്നിട്ട് പോലും അവര്‍ക്ക് നാണമില്ല. അതിന്റെ സംവിധായകന്‍ ഇപ്പോഴും പറയുന്നു, ‘എന്തുകൊണ്ട് എനിക്ക് ഓസ്‌കാര്‍ ലഭിക്കുന്നില്ലെന്ന്?’ അയാള്‍ക്ക് ഒരു ഭാസ്‌കരന്‍ പോലും കിട്ടില്ല,’ എന്നാണ് പ്രകാശ് രാജ് പറഞ്ഞത്.
പ്രകാശ് രാജിന് മറുപടിയുമായി വിവേക് അഗ്നിഹോത്രിയും രംഗത്തെത്തിയിരുന്നു. ‘കശ്മീര്‍ ഫയല്‍സ് ഒരു വര്‍ഷത്തിനപ്പുറവും അര്‍ബന്‍ നക്‌സലുകള്‍ക്കും അവരുടെ പിടിയാളുകള്‍ക്കും ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്നു. സിനിമ കാണുന്നവരെ കുരയ്ക്കുന്ന പട്ടികള്‍ എന്ന് വിളിക്കുന്നു. മി. അന്ധകാര്‍ രാജ് എനിക്ക് എങ്ങനെയാണ് ‘ഭാസ്‌കര്‍’ കിട്ടുക. അതെല്ലാം നിങ്ങള്‍ക്കാണ് എന്നെന്നും,’ എന്നാണ് വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തത്.
Content Highlight: Anupam Kher responds to Prakash Raj’s criticism that the Kashmir files is nonsense